KOYILANDY DIARY.COM

The Perfect News Portal

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍; കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ രാജൻ

മുണ്ടക്കൈ – ചൂരൽമല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ രാജൻ. ‘എൽ ത്രീ’ കാറ്റഗറിയിൽ ഉൾപ്പെടുത്തണം എന്ന സംസ്ഥാനത്തിന്‍റെ ആവശ്യത്തിൽ കേന്ദ്രം ഒന്നും പറഞ്ഞില്ല. കേരളം കൊടുത്ത മെമ്മോറാണ്ടത്തിൽ പിശകുണ്ടെന്നായിരുന്നു വയനാട് തെരഞ്ഞെടുപ്പിൽ അടക്കം പ്രചരിപ്പിച്ചതെന്നും ഇത് തെറ്റാണെന്ന് കേന്ദ്ര മന്ത്രിയുടെ കത്ത് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്‍റെ നിലപാട് യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ല. മുൻകൂറായി തന്ന തുകയും, നീക്കിയിരിപ്പുണ്ട് എന്ന് പറയുന്നതും മറ്റു ദുരന്തങ്ങൾക്കായി ഉപയോഗിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

.

 

ഇന്ന് കോടതി ഈ വിഷയം പരിഗണിക്കുന്നുണ്ട്. കോടതിയിൽ കേന്ദ്രത്തിന്‍റെ നിലപാട് എന്തെന്ന് അറിയണം. കേന്ദ്രം അവഗണിച്ചാലും ദുരന്തബാധിതരെ ഇടത് സർക്കാർ ചേർത്ത് നിർത്തും. ലോക മലയാളികളുടെയും മനുഷ്യസ്നേഹികളുടെയും സഹായത്തോടെ ഇത് സാധ്യമാക്കും. പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുത്ത് കേരളത്തിനുള്ള അവഗണനക്കെതിരെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രതികരിച്ചു.

Advertisements

 

അതേ സമയം, വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിൽ സംസ്ഥാനത്ത് കക്ഷി രാഷ്ട്രീയ ഭേദമന്യേ ശക്തമായ പ്രതിഷേധം. ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് പ്രതിഷേധാര്‍ഹമെന്നും സഹായം നല്‍കിയില്ലെങ്കില്‍ പോര്‍മുഖത്ത് വെച്ച് കാണാമെന്നും എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

Share news