KOYILANDY DIARY.COM

The Perfect News Portal

മുണ്ടക്കൈ –ചൂരൽമല ദുരന്തം; മരിച്ചതായി കണക്കാക്കിയവരുടെ ആശ്രിതർക്ക് ധനസഹായം അനുവദിച്ചു

മുണ്ടക്കൈ –ചൂരൽമല ദുരന്തത്തിൽ മരിച്ചതായി കണക്കാക്കിയവരുടെ ആശ്രിതർക്ക് ധനസഹായം അനുവദിച്ചു. ഉരുൾപൊട്ടലിൽ കാണാതായ 32 പേരെയാണ്‌ മരിച്ചവരായി കണക്കിയത്‌. എട്ട്‌ ലക്ഷം രൂപവീതമാണ്‌ ആശ്രിതർക്ക്‌ നൽകിയത്‌. മുണ്ടക്കൈ- ചൂരൽമലയിൽ പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ അന്തിമ പട്ടിക സർക്കാരിന് സമർപ്പിച്ചു. 417 കുടുംബങ്ങൾ ആണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് പട്ടിക സർക്കാരിന് കൈമാറിയിരിക്കുന്നത്. 255 കുടുംബങ്ങൾ ആദ്യ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഫേസ് 2 എ അന്തിമ പട്ടികയിൽ 89 കുടുംബങ്ങളും ഫേസ് 2 ബി അന്തിമ പട്ടികകളിൽ 73 കുടുംബങ്ങളളും ഇടം പിടിച്ചിട്ടുണ്ട്. മുണ്ടക്കൈ പ്രദേശത്തെ 17 കുടുംബങ്ങളെ കൂടി അധികമായി പട്ടികകളിൽ ഉൾപ്പെടുത്തി സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. പട്ടികയുമായി ബന്ധപ്പെട്ട നൂറിലധികം അപ്പീലുകളും സർക്കാർ പരിശോധനയ്ക്ക് വിട്ടിട്ടുണ്ട്.

 

മരിച്ച 298 പേരിൽ 81 പേർക്ക്‌ അടുത്ത അവകാശികളില്ല. അഞ്ച്‌ ഇതര സംസ്ഥാനക്കാരുൾപ്പെടെ 204പേരുടെ ആശ്രിതർക്ക്‌ സഹായം നൽകി. രണ്ടുപേരുടെ അവകാശികൾ തമ്മിൽ തർക്കമുള്ളതിനാൽ തുക നൽകിയിട്ടില്ല. 11 പേർ പ്രായപൂർത്തിയാകാത്തവരാണ്‌. ഇവരുടെ തുക കൈമാറുന്നതിൽ വ്യക്തതവരാനുണ്ട്‌. കുട്ടികളുടെ രക്ഷിതാക്കളെ നിശ്ചയിക്കുന്നതിൽ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്‌. തീരുമാനമായാൽ തുക അനുവദിക്കും. പണം വിനിയോഗിക്കുന്നതിന്‌ മാനദണ്ഡമുണ്ടാകും. ഇതുവരെ 16.32 കോടി രൂപയാണ്‌ മരിച്ചവരുടെ ആശ്രിതർക്ക്‌ നൽകിയത്‌. ദുരന്തബാധിതർക്ക്‌ നൽകിയ ധനസഹായം 25 കോടി രൂപ കവിഞ്ഞു.

Advertisements
Share news