KOYILANDY DIARY

The Perfect News Portal

മിന്നൽ പ്രളയത്തെ തുടര്‍ന്ന് സിക്കിമില്‍ മൂവായിലേറെ വിനോദ സഞ്ചാരികള്‍ കുടുങ്ങി. 102 പേരെ കാണാതായി

ഗ്യാങ്ടോക്ക്: മിന്നൽപ്രളയത്തെ തുടര്‍ന്ന് സിക്കിമില്‍ മൂവായിലേറെ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ബം​ഗാളില്‍നിന്നുള്ള മൂവായിരത്തോളംപേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറോളം പേരുമാണ് ദുരന്തമുഖത്ത് അകപ്പെട്ടത്. പ്രദേശത്ത് ഇന്റര്‍നെറ്റ്, ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പലര്‍ക്കും ബന്ധുക്കളുമായി ബന്ധപ്പെടാന്‍പോലും കഴിഞ്ഞിട്ടില്ല. ബുധനാഴ്‌ച ടീസ്‌ത നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 23 സൈനികരടക്കം 102 പേരെ കാണാതായി. 14 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു.

നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയി. സൈനിക ക്യാമ്പ്‌ വെള്ളത്തിനടിയിലായി. ചുങ്താങ് അണക്കെട്ട്‌ തകർന്നു. സൈനികവാഹനങ്ങളും കാണാതായിട്ടുണ്ട്. സഞ്ചാരികള്‍ സുരക്ഷിതരാണെന്ന്‌ അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്റ്ററുകളിൽ സഞ്ചാരികളെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങുമെന്ന് മുതിര്‍ന്ന ഉദ്യോ​ഗസ്ഥന്‍ പറഞ്ഞു. വടക്കന്‍ സിക്കിമിലേക്കെത്താന്‍ മറ്റു പാതകളില്ലെന്നും എന്നാല്‍ ​ഗ്യാങ്ടോക്കില്‍ കുടുങ്ങിയവര്‍ക്ക് ഡാര്‍ജിലിങ്, ജോര്‍താങ്, നാംചി വഴി സിലി​ഗുരിയില്‍ എത്താമെന്നും ഉദ്യോ​ഗസ്ഥന്‍ അറിയിച്ചു.

Advertisements

ബുധനാഴ്ച റാങ്പോയിലും സമീപ പ്രദേശത്തുമായി നാലായിരത്തോളം പേരെ ഒഴിപ്പിച്ചിരുന്നു. കാണാതായവര്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും പുരോ​ഗമിക്കുകയാണ്. ഹിമതടാകം ചുരുങ്ങി സിക്കിമിൽ കനത്തനാശം വിതച്ച മിന്നൽ പ്രളയത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവിട്ട്‌ ഐഎസ്‌ആർഒ. പ്രളയത്തെ തുടർന്ന്‌ സൗത്ത് ലൊണാക് ഹിമതടാക വിസ്‌തൃതി നൂറിലധികം ഹെക്ടർ കുറഞ്ഞു. ലഡാക്ക്‌ മേഖലയോടടുത്ത്‌ വടക്കു പടിഞ്ഞാറൻ സിക്കിമിലുള്ള ലൊണാക് തടാകം അപകടകാരിയായ ഹിമതടാകങ്ങളിലൊന്നാണ്‌.

Advertisements

സെപ്‌തംബർ 28ന്‌ 167.4 ഹെക്ടറിൽ പരന്നു കിടന്ന തടാകം ബുധനാഴ്‌ചത്തെ പ്രളയശേഷം 60.3 ഹെക്ടറായി ചുരുങ്ങിയതായി ഉപഗ്രഹ ചിത്രങ്ങൾ പഠിച്ചശേഷം ശാസ്‌ത്രജ്ഞർ പറയുന്നു. ഇന്ത്യൻ ഉപഗ്രഹമായ റിസാറ്റ്‌ 1 എ, യൂറോപ്യൻ സ്‌പെയ്‌സ്‌ ഏജൻസിയുടെ റഡാർ ഇമേജിങ്‌ ഉപഗ്രഹമായ സെന്റിനൽ 1 എ എന്നിവയിൽനിന്നുള്ള ചിത്രങ്ങളാണ്‌ ഇവർ പഠനവിധേയമാക്കിയത്‌. ഐഎസ്‌ആർഒ സെന്ററായ നാഷണൽ റിമോട്ട്‌ സെൻസിങ്‌ സെന്റർ കഴിഞ്ഞ 17 മുതലുള്ള കൂടുതൽ ഉപഗ്രഹ വിവരങ്ങൾ പരിശോധിക്കുകയാണ്‌. 

മിന്നൽ പ്രളയത്തിന്‌ കാരണമായത്‌ മേഘവിസ്‌ഫോടനമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, അപ്രതീക്ഷിത കാരണങ്ങളാൽ തടാകം പൊട്ടിയതാകാം പ്രളയത്തിലേക്ക്‌ നയിച്ചതെന്നാണ്‌ ഒരു വിഭാഗം ശാസ്‌ത്രജ്ഞരുടെ വിലയിരുത്തൽ. ഗ്ലേഷ്യൽ ലേക്ക്‌ ഔട്ട്‌ബേർസ്റ്റ്‌ ഫ്ലഡാകാമിതെന്ന്‌ അവർ പറയുന്നു.

ഹിമാനികളാൽ രൂപപ്പെട്ട തടാകങ്ങൾ ‘പൊട്ടിത്തെറി’ച്ചുണ്ടാകുന്ന പ്രതിഭാസമാണിത്‌. സിക്കിം ദുരന്തനിവാരണ അതോറിറ്റിക്കും ഇതേ അഭിപ്രായമാണുള്ളത്‌. ഭൂകമ്പം, അന്തരീക്ഷ താപനിലയിലെ മാറ്റം, മഞ്ഞുരുകൽ തുടങ്ങിയവ സൃഷ്ടിക്കുന്ന സമ്മർദവും മറ്റുമാണ്‌ ഹിമതടാകങ്ങൾ പൊട്ടാൻ കാരണമാകുന്നത്‌.