KOYILANDY DIARY.COM

The Perfect News Portal

പ്രിസം മോഡല്‍ പഠിക്കാനെത്തി മന്ത്രി രാജനും സംഘവും

കോഴിക്കോട്: പൊതുവിദ്യാലയങ്ങളെ ലോകനിലവാരത്തിലേക്ക്‌ ഉയർത്തിയ പ്രിസം പദ്ധതിയെക്കുറിച്ചറിയാൻ മന്ത്രി രാജനും സംഘവും കോഴിക്കോട്ടെത്തി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ മുൻ എംഎൽഎ എ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പ്രിസം പദ്ധതിയെക്കുറിച്ചറിയാനാണ്‌ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം നടക്കാവ് ജിവിഎച്ച്എസ്എസ്, കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവ സന്ദർശിച്ചത്‌. മന്ത്രിയുടെ മണ്ഡലമായ ഒല്ലൂരിലെ 10 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം. 
പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് ഗവ. എൽപി സ്‌കൂളിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്ന പദ്ധതിയിലേക്ക് കൂടുതൽ ആശയങ്ങൾ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ, പട്ടിക്കാട് ജിഎൽപിഎസ് പ്രധാനാധ്യാപിക വി വി സുധ എന്നിവർ അടങ്ങിയ സംഘമാണെത്തിയത്. ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറി, ഇൻഡേർ സ്റ്റേഡിയം, ഡൈനിങ്‌ ഹാൾ, മറ്റുസൗകര്യങ്ങൾ എന്നിവ നേരിൽക്കണ്ട സംഘം സ്‌കൂൾ അധികൃതർ, അധ്യാപകർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ചയും നടത്തി.
പാണഞ്ചേരി പഞ്ചായത്തിന്റെ ‘വിദ്യാഭ്യാസ സമൃദ്ധി’ പദ്ധതിയുടെ ഭാഗമായാണ് അധ്യാപകരും വിദ്യാർഥികളും പിടിഎ, എംപിടിഎ അംഗങ്ങളും പഞ്ചായത്ത് അധികൃതരും ഉൾപ്പെടെയുള്ള സംഘം പഠനയാത്രയ്ക്കായി നടക്കാവ്, കാരപ്പറമ്പ് ഗവ സ്‌കൂളുകളും കണ്ണൂരിലെ മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളും തെരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. സർക്കാർ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരവുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രിസം പദ്ധതി എ പ്രദീപ്കുമാർ എംഎൽഎ ആയിരുന്നപ്പോൾ ഉരുത്തിരിഞ്ഞ ആശയമാണ്. ഇതാണ് പിന്നീട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലേക്കുള്ള വഴികാട്ടിയായത്‌.
പ്രിസം പദ്ധതിയുടെ ഉപജ്ഞാതാക്കളെയും സ്‌കൂൾ അധികൃതരെയും ഉൾപ്പെടെ പങ്കെടുപ്പിച്ച് പട്ടിക്കാട് സ്‌കൂൾ വികസനവുമായി ബന്ധപ്പെട്ട് ശിൽപശാല സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മാത്രമല്ല വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതിയും അത് കൈവരിക്കുന്നതിന് ആവശ്യമായ അന്തരീക്ഷം ഒരുക്കലുമാണ് പ്രിസം പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്ന് എ പ്രദീപ് കുമാർ പറഞ്ഞു. നടക്കാവ് ജിവിഎച്ച്എസ്എസിൽ ചേർന്ന യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, എ പ്രദീപ് കുമാർ, പി പി രവീന്ദ്രൻ,  സാവിത്രി സദാനന്ദൻ, കെ വി അനിത, സുബൈദ അബൂബക്കർ, സ്വപ്ന രാധാകൃഷ്ണൻ, ആരിഫ റാഫി, പി ദീപു, മാത്യു നൈനാൻ, കെ വി ചന്ദ്രൻ, കെ അബൂബക്കർ, വി വി സുധ, സി ഗിരീഷ് കുമാർ, കെ വി പ്രേമചന്ദ്രൻ, എൻ മുനീർ, സന്നിധ, ഷെയ്ക് ഷറഫുദ്ദീൻ, റോഷൻ ജോൺ, അഭിരാമി തുടങ്ങിയവർ സംസാരിച്ചു.

 

Share news