വിസി നിയമനത്തിന് പുതിയ പാനൽ തയ്യാറാക്കി ഗവർണർക്ക് കൈമാറുമെന്ന് മന്ത്രി ആർ ബിന്ദു

വിസി നിയമനത്തിന് പുതിയ പാനൽ തയ്യാറാക്കി ഗവർണർക്ക് കൈമാറുമെന്ന് മന്ത്രി ആർ ബിന്ദു. സർവകലാശാല നിയമങ്ങളിൽ എഴുതിവെച്ച കാര്യങ്ങൾ അവഗണിച്ചുകൊണ്ട് സ്വേച്ഛപരമായ രീതിയിൽ പെരുമാറുന്നത് ശരിയല്ല എന്ന് കോടതി ചാൻസിലറെ അറിയിച്ചുകൊണ്ടേയിരിക്കുകയാണ്. പുതിയ വിധിയുടെ അടിസ്ഥാനത്തിൽ സർക്കാരുമായി ആശയവിനിമയം നടത്തിയതിനുശേഷം മാത്രം പുതിയ തീരുമാനം എടുക്കും എന്ന് കരുതുകയാണെന്നും മന്ത്രി പറഞ്ഞു.
വളരെ കൃത്യമായ രീതിയിൽ സർവകലാശാലകൾ മുന്നോട്ടുപോകുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ട്. കൃത്യമായി മുന്നോട്ടുപോകുന്ന ഒരു സംവിധാനത്തെ ദയവുചെയ്ത് അട്ടിമറിക്കരുത്. ഗവർണർ ജനാധിപത്യപരമായ രീതിയിൽ നടപടികൾ സ്വീകരിക്കാൻ തയ്യാറാകണം. ഉത്തരവാദിത്വത്തോട് കൂടി പ്രവർത്തിക്കുന്ന വൈസ് ചാൻസലർമാരെ നിയമിക്കാൻ കഴിയണം. വൈസ് ചാൻസലർമാരെ നിയമിക്കുമ്പോഴും താക്കോൽ സ്ഥാനങ്ങളിൽ ഉള്ളവരെ നിയമിക്കുമ്പോഴും സംസ്ഥാന സർക്കാർ ഒന്നും പറയരുത് എന്ന നിലപാട് ശരിയല്ല. സർവകലാശാലകൾക്ക് പണം നൽകുന്നത് സംസ്ഥാനസർക്കാരാണ്. സർവകലാശാലയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അടുത്തേക്കാണ് ആളുകൾ ഓടിയെത്തുകയെന്നും മന്ത്രി ആർ ബിന്ദു കൂട്ടിചേർത്തു.

മോഹനൻ കുന്നുമ്മൽ കാര്യമായി കേരള സർവകലാശാലയിൽ വരാറില്ല. അദ്ദേഹത്തിന് താൽക്കാലിക ചുമതല മാത്രമാണ്. വേണ്ട രീതിയിൽ ഉത്തരവാദിത്വം നിറവേറ്റുന്നു എന്ന് പറയാൻ കഴിയില്ല. കേരള സർവകലാശാലയിൽ കൈകാര്യം ചെയ്യുന്ന വിഷയമല്ല അദ്ദേഹത്തിൻറെ മേഖല. നന്നായി രോഗികളെ നോക്കിയിരുന്ന ആളാണ് മോഹനൻ കുന്നുമ്മൽ. അക്കാദമീഷൻ എന്ന നിലയിൽ ഉള്ള വീക്ഷണം അദ്ദേഹത്തിന് ഇല്ല. സംഘർഷങ്ങളുടെ പേര് പറഞ്ഞ മാളത്തിലൊളിക്കുന്നത് അദ്ദേഹത്തിൻറെ താൽപര്യക്കുറവാണ് വെളിവാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

