ചെറുകിട വ്യാപാരികളുടെ പ്രശ്നങ്ങൾ പഠിക്കാൻ മേഖലാ സിറ്റിങ്ങുകൾ നടത്തുമെന്ന് മന്ത്രി പി രാജീവ്

ചെറുകിട വ്യാപാരികളുടെ പ്രശ്നങ്ങൾ പഠിക്കാൻ മേഖലാ സിറ്റിങ്ങുകൾ നടത്തുമെന്ന് വ്യവസായ വാണിജ്യ നിയമ വകുപ്പ് മന്ത്രി പി രാജീവ്. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് വി കെ സി മമ്മദ് കോയയുടെ നേതൃത്വത്തിൽ കെ ആൻസലൻ എം.എൽ.എ, എസ് ദിനേശ്, വി പാപ്പച്ചൻ, ആർ രാധാകൃഷ്ണൻ എന്നീ സംസ്ഥാന ഭാരവാഹികൾ പങ്കെടുത്തുകൊണ്ട് വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ അവതരിപ്പിച്ച് നിവേദനം കൊടുത്തു. വ്യാപാര മേഖലയെ ബാധിക്കുന്ന 17ഓളം വിഷയങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

വാടക നിയന്ത്രണ നിയമം, ബാങ്ക് വായ്പ എന്നീ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി. കൂടാതെ നടന്ന ചർച്ചയിൽ ഉദ്യം രജിസ്ട്രേഷനുള്ള വ്യാപാര സ്ഥാപനങ്ങൾ ഇൻഷുർ ചെയ്യുന്നതിനുള്ള പോളിസി തുകയിൽ 5000/- രൂപ വരെ ഗവൺമെൻറ് നൽകുന്നതിന് തീരുമാനിച്ചു. ബാങ്ക് വായ്പ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കിംഗ് അധികാരികളുമായി ഗവൺമെൻറ് തലത്തിൽ ചർച്ച നടത്തുമെന്ന് മന്ത്രി ഉറപ്പുനൽകി.


കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് വി കെ സി മമ്മദ് കോയയുടെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ചെറുകിട വ്യാപാരികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് വേണ്ടി ഒരു കമ്മിറ്റി രൂപീകരിച്ച് ആ കമ്മിറ്റിയുടെ പ്രത്യേക സിറ്റിംഗ് കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടത്തി ചെറുകിട വ്യാപാരികളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് വ്യാപാര നയത്തിന് രൂപം നൽകാമെന്ന് യോഗത്തിൽ തീരുമാനമായി. വാണിജ്യ മിഷൻ രൂപീകരിച്ച് വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻകൈയെടുത്ത മന്ത്രി പി രാജീവിനെയും സംസ്ഥാന സർക്കാരിനെയും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംഘടനാ നേതാക്കൾ അഭിനന്ദിച്ചു.

