മോട്ടോര്‍ വാഹനവകുപ്പിൻ്റെ പുതിയ 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍

റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ചുള്ള 52 വാഹനങ്ങളാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വാഹനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ ഓഫീസുകളിലും വേഗത പകരുന്ന തരത്തിൽ വാഹനങ്ങൾ എത്തിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. 142 വാഹനങ്ങൾ വാടകയ്ക്ക് എടുത്തിരുന്നു. ഇക്കാര്യം പറയുമ്പോൾ ചിലർക്ക് ദേഷ്യം വരുമെന്നും എന്നാല്‍ അത് കുഴപ്പമില്ലെന്നും മന്ത്രി പറഞ്ഞു.

റോഡ് സേഫ്റ്റി ഉദ്യോഗസ്ഥർക്ക് ഇനി ബൈക്ക് വാങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. 100 ബൈക്കുകൾ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെയ്യുന്ന നല്ല കാര്യങ്ങൾ കാണാൻ എല്ലാവരും ശ്രമിക്കണം. അഴിമതി നല്ല രീതിയിൽ കുറക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ബസ്സിന് മുന്നിൽ കുപ്പി കണ്ട സംഭവത്തിലും അദ്ദേഹം വീണ്ടും പ്രതികരണം നടത്തി. കെഎസ്ആര്‍ടിസിയില്‍ സ്മാർട്ട് സാറ്റർഡേ എന്നൊരു പരിപാടിയുണ്ട്. അന്ന് ഒരു ഉദ്യോഗസ്ഥരും ഫയൽ പണി ചെയ്യേണ്ടായെന്നും അതിന് പകരം എല്ലാവരും ക്ളീനിംഗ് പ്രവർത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ ബസ്സ് സ്റ്റേഷനുകളും നവീകരിക്കുകയാണ്. രണ്ടാംഘട്ട പണി തുടങ്ങാനുള്ള അനുമതിയും ആയിട്ടുണ്ട്. എത്ര പരാതികൾ വന്നാലും കുഴപ്പമില്ലെന്നും താൻ എടുത്ത നിലപാട് ശരിയാണെന്നും മന്ത്രി പറഞ്ഞു. ഓരോ ഘട്ടം ഘട്ടമായി നന്നാക്കി കൊണ്ടുവരികയാണെന്ന് മന്ത്രി പറഞ്ഞു.

