KOYILANDY DIARY.COM

The Perfect News Portal

സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു

എ എ വൈ കാർഡുടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. 15 ഇനം സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഒരു കിറ്റിന് 710 രൂപയോളമാണ് ചെലവ്. ആകെ 42, 83,36,610 രൂപയാണ് കിറ്റ് വിതരണത്തിന്റെ ചെലവ്.

ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കേന്ദ്രമായി സപ്ലൈകോ ഔട്ട് ലേറ്റുകൾ മാറിയെന്ന് മന്ത്രി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. റേഷൻ കടകളിൽ നിന്നും നാളെ മുതൽ കിറ്റു വാങ്ങാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയെന്നും മന്ത്രി പറഞ്ഞു. ആദിവാസി മേഖലകളിൽ ഉൾപ്പെട ഓണ കിറ്റുകളും, ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തികരിച്ചതായും മന്ത്രി അറിയിച്ചു.

കേരളത്തിലെ ആരും പട്ടിണിക്കിടക്കേണ്ടി വരില്ല, വിശപ്പ് രഹിത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ മനോഭാവത്തെയും പ്രസംഗത്തില്‍ മന്ത്രി തുറന്നുകാട്ടി. കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഓണക്കാലമായതിനാൽ കൂടുതൽ അരി അനുവദിക്കണം എന്നാവശ്യപ്പെട്ടപ്പോൾ അനുവദിക്കില്ല എന്ന് തുറന്നടിക്കുകയാണ് കേന്ദ്ര മന്ത്രി ചെയ്തതെന്നും മന്ത്രി പറഞ്ഞു. കണ്ണിൽ ചോരയില്ലാത്ത നടപടിയാണ് കേന്ദ്ര സർക്കാർ കാട്ടിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisements
Share news