KOYILANDY DIARY.COM

The Perfect News Portal

ഓണക്കാലത്ത് സര്‍വകാല റെക്കോര്‍ഡുമായി മില്‍മ; വിറ്റഴിഞ്ഞത് 39 ലക്ഷം ലിറ്ററോളം പാൽ

ഓണക്കാലത്ത് പാല്‍, തൈര്, പാലുല്‍പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡുമായി മില്‍മ. ഉത്രാടം ദിനത്തില്‍ മാത്രം 38.03 ലക്ഷം ലിറ്റര്‍ പാലും 3.97 ലക്ഷം കിലോ തൈരുമാണ് മില്‍മ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത്. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,19,58,751 ലിറ്റര്‍ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷം 1,16,77,314 ലിറ്റര്‍ പാലും 13,76,860 കിലോ തൈരുമായിരുന്നു വില്‍പ്പന.

കഴിഞ്ഞ വർഷം ഉത്രാടം ദിനത്തില്‍ പാലിന്റെ മൊത്തം വില്‍പ്പന 37 ലക്ഷം ലിറ്ററും തൈരിന്റെ വില്‍പ്പന 3.91 ലക്ഷം കിലോയുമായിരുന്നു. ശരാശരി അഞ്ച് ശതമാനം വളര്‍ച്ചയാണ് ഇക്കുറി ഉണ്ടായത്. ഓഗസ്റ്റ് 1 മുതന്‍ 31 വരെയുള്ള കണക്ക് പ്രകാരം നെയ്യുടെ വില്‍പ്പന 863.92 ടണ്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 663.74 ടണ്‍ ആയിരുന്നു വില്‍പ്പന. ഇക്കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 127.16 ടണ്‍ നെയ്യ് വിറ്റഴിച്ചതോടെ ആകെ വില്‍പ്പന 991.08 ടണ്ണായി ഉയര്‍ന്നു. ക്ഷീരോല്‍പന്നങ്ങളുടെ വിപണിയില്‍ മില്‍മ പ്രഥമസ്ഥാനം നിലനിര്‍ത്തിയാണ് മുന്നേറുന്നത്.

Share news