KOYILANDY DIARY.COM

The Perfect News Portal

മാനസികമായി തളർന്നിരിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ് നൽകും: മന്ത്രി വി. ശിവൻകുട്ടി

മുണ്ടക്കൈ; ചൂരൽമല മേഖലയിലെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികൾ മാനസികമായി തകർന്നിരിക്കുകയാണ്, ക്ലാസ് തുടങ്ങിയാലും ആദ്യം പഠിപ്പിക്കുക അക്കാദമിക് കാര്യങ്ങൾ അല്ലെന്നും മനോനില സാധാരണ നിലയിലാകുന്നത് വരെ കളികളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകർക്കും കൗൺസിലിങ്ങിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

രണ്ട് സ്കൂളുകൾക്കാണ് കാര്യമായ നാശനഷ്ടമുണ്ടായത് . കുട്ടികളുടെ വിദ്യാഭ്യാസം ആരംഭിക്കാൻ അടിയന്തരമായി ഇടപെട്ടു. മേപ്പാടി ജിഎച്ച്എസ്എസിൽ 12 ക്ലാസ് മുറികളും രണ്ട് ഐടി ലാബും ഒരുക്കും. എപിജെ ഹാളിൽ 5 ക്ലാസ് മുറികൾ ഒരുക്കും. പാഠപുസ്തകം നഷ്ടപ്പെട്ട 296 കുട്ടികൾക്ക് പുസ്തകങ്ങൾ ലഭ്യമാക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞു. ക്യാമ്പുകൾ മാറ്റിയാലേ വിദ്യാഭ്യാസം നടത്താൻ കഴിയൂ. അതിനായുള്ള പരിശ്രമത്തിലാണെന്നും നഷ്ടപ്പെട്ട ദിവസങ്ങളിലെ ക്ലാസുകൾ വീണ്ടും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസഹായം ലഭിക്കുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്.ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും ഇതുവരെയും സഹായം പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രി നേരിട്ട് തന്നെ പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. മനുഷ്യത്വപരമായി ഇടപെടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു.

Advertisements

അതേസമയം ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവിൽ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളാണ് നിലവിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 400 ൽ ഏറെ കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിൽ ഉണ്ട്.

Share news