തൃശൂരിൽ വൻ കഞ്ചാവ് വേട്ട; 130 കിലോയോളം കഞ്ചാവ് പിടികൂടി

തൃശൂർ കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 130 കിലോയോളം കഞ്ചാവ് പിടികൂടി. തൃശൂർ റൂറൽ ഡാൻസാഫ് ടീമും, കൊടുങ്ങല്ലൂർ പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് നാഷണൽ പെർമിറ്റ് ലോറിയിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്.

ലോറിയിലുണ്ടായിരുന്ന അന്തിക്കാട് സ്വദേശികളായ അനൂസൽ, ശരത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് പുലർച്ചെ അഞ്ച് മണിയോടെ കൊടുങ്ങല്ലൂർ തെക്കെ നടക്ക് സമീപത്തു വെച്ച് ലോറി പിടിയിലായത്. ഇടുക്കി റജിസ്ട്രേഷനിലുള്ള ലോറി ഒഡീഷയിൽ നിന്നും നിരവധി ചെക്ക് പോസ്റ്റുകൾ കടന്നാണ് കൊടുങ്ങല്ലൂരിൽ എത്തിയത്.

