KOYILANDY DIARY.COM

The Perfect News Portal

ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 600-കോടിരൂപയുടെ മയക്കുമരുന്ന് പിടികൂടി

ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 600-കോടിരൂപയോളം വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. പാകിസ്താനി ബോട്ടില്‍നിന്ന് 86-കിലോഗ്രാം മയക്കുമരുന്നാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന 14-പേരെയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത പാകിസ്താനി ബോട്ടും കസ്റ്റഡിയിലെടുത്തവരേയും കൂടുതല്‍ അന്വേഷണത്തിനായി പോര്‍ബന്ധറിലേക്ക് കൊണ്ടുപോയി.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദവിരുദ്ധ സ്‌ക്വാഡും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുമായി ചേര്‍ന്ന് കടലില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് പിടിച്ചെടുത്തതെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാർഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

 

മയക്കുമരുന്ന് നിറച്ച ബോട്ടിന്റെ രക്ഷപ്പെടാനുള്ള ശ്രമങ്ങളൊന്നും നടപ്പായില്ല. കപ്പലിലെ പ്രത്യേക സംഘം സംശയിക്കപ്പെട്ട ബോട്ടില്‍ കയറുകയും മയക്കുമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഓപ്പറേഷന്റെ കൃത്യത ഉറപ്പാക്കാന്‍ കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിരുന്നു. ഓപ്പറേഷനില്‍ പ്രധാന പങ്കുവഹിച്ചത് കോസ്റ്റ് ഗാര്‍ഡിന്റെ രജത്രാന്‍ എന്ന കപ്പലാണ്. അതിലാണ് എന്‍.സി.ബിയിലേയും എ.ടി.എസിലേയും ഉദ്യോഗസ്ഥരുണ്ടായിരുന്നത്.

Advertisements
Share news