ആൻഡമാൻ ദ്വീപിൽ വൻ രാസ ലഹരി വേട്ട; 100 കോടിയുടെ മയക്കുമരുന്ന് കണ്ടെത്തി നശിപ്പിച്ചു

ആൻഡമാൻ ദ്വീപിൽ വൻ രാസ ലഹരി വേട്ട. 100 കോടിയുടെ മയക്കുമരുന്ന് കണ്ടെത്തി നശിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള കസ്റ്റംസ് പ്രിവന്റീവ് എക്സൈസിൻറെ സംയുക്ത പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. നാലു വര്‍ഷം മുമ്പ് ലഹരി മാഫിയ സംഘം കടലില്‍ മുക്കിയ കപ്പലിൽ നിന്നുള്ള മയക്കുമരുന്നാണ് വൻതോതിൽ തീരത്തെത്തിയത്.

കേരള എക്സൈസും കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് പ്രിവൻറിവ് സൂപ്രണ്ടിൻറെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷണത്തിനായി ആന്‍ഡമാനിലേക്ക് പോയത്. നേരത്തെ മഞ്ചേരിയില്‍ മൂന്നു മലയാളികള്‍ 500 ഗ്രാം മെത്താംഫെറ്റമിന്‍ എന്ന മയക്കുമരുന്നുമായി എക്സൈസിൻറെ പിടിയിലായിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇത്തരം ഒരു വലിയ ഓപ്പറേഷനിലേക്ക് എത്തിച്ചേരുന്നത്. കഴിഞ്ഞ മാസമായിരുന്നു സംയുക്ത ഓപ്പറേഷന്‍.

ജാപ്പനീസ് ബങ്കറിൽ ഒളിപ്പിച്ച 50 കിലോ മെത്താംഫെറ്റാമിൻ സംയുക്ത സംഘം നശിപ്പിച്ചു. 100 കോടിയുടെ മയക്കുമരുന്നാണ് ബങ്കറിൽ കണ്ടെത്തി നശിപ്പിച്ചത്. പ്രദേശവാസികൾ സൂക്ഷിച്ച് രണ്ടര കിലോ മയക്കുമരുന്ന് ഭരണകൂടത്തിന് തിരികെ നൽകി. കേരളത്തിലേക്കാണ് ദ്വീപിൽ നിന്ന് മയക്കുമരുന്ന് ഒഴുകുന്നതെന്നും കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. 2019 ല്‍ കോസ്റ്റ് ഗാര്‍ഡിൻറെ പരിശോധനക്കിടെയാണ് രാസലഹരിയുമായി എത്തിയ മ്യാന്‍മര്‍ കപ്പല്‍ മുക്കി കളഞ്ഞത്.

