മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലേക്ക് ബഹുജന മാർച്ച് നടത്തി
ബാലുശേരി: മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലേക്ക് ബഹുജന മാർച്ച് നടത്തി. പ്രസവത്തിനിടെ അമ്മയും ഗർഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തിൽ മാനേജ്മെന്റിനെതിരെയും ഡോക്ടർമാർക്കെതിരെയും നടപടി ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. ഡോക്ടർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. 

എം ഡിറ്റ് കോളേജ് ഗേറ്റിന് മുമ്പിൽനിന്ന് ആരംഭിച്ച മാർച്ചിൽ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ അണിനിരന്നു. എംഎംസി ഗേറ്റിന് മുമ്പിൽ ബാരിക്കേഡ് വെച്ച് പൊലീസ് മാർച്ച് തടഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർപേഴ്സണും ഉണ്ണികുളം പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. നീതി ലഭിക്കുംവരെ  പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് അവർ പറഞ്ഞു.

ബാലുശേരി ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ടി കെ വനജ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നാസർ എസ്റ്റേറ്റ് മുക്ക്, റംസീന നരിക്കുനി, ബ്ലോക്ക് അംഗം ഇ ടി ബിനോയ്, സിപിഐ എം ലോക്കൽ സെക്രട്ടറി ടി കെ സുധീർ കുമാർ, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വി വി രാജൻ, ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം കെ നിഖിൽരാജ് സ്വാഗതവും സ്ഥിരംസമിതി ചെയർപേഴ്സൻ ബിച്ചു ചിറക്കൽ നന്ദിയും പറഞ്ഞു.


                        
