മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്

കൊച്ചി: മാർ റാഫേൽ തട്ടിലിനെ (68) സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പ് ആയി പ്രഖ്യാപിച്ചു. നിലവിൽ ഷംഷാബാദ് രൂപതയുടെ ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ. 2018ൽ ഈ രൂപതയിൽ സേവനം ചെയ്‌തു വരികയായിരുന്നു. വത്തിക്കാനിലും സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ സെന്‍റ് തോമസ് മൗണ്ടിലും ഒരേ സമയത്തായിരുന്നു പ്രഖ്യാപനം.

ഇന്നലെ സെന്‍റ് തോമസ് മൗണ്ടിൽ നടന്ന സിനഡ് യോഗത്തിൽ രഹസ്യ ബാലറ്റിലൂടെയാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്. 1956 ഏപ്രിൽ 21നാണ് മാർ റാഫേൽ തട്ടിൽ ജനിച്ചത്. തൃശൂർ സെന്റ് മേരീസ് മൈനർ സെമിനാരിയിലും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും വൈദിക പരിശീലനം പൂർത്തിയാക്കി. തൃശൂർ രൂപതയ്‌ക്ക് വേണ്ടി 1980 ഡിസംബർ 21ന് പൗരോഹിത്യം സ്വീകരിച്ചു. അരണാട്ടുകര പള്ളിയിൽ അസിസ്റ്റൻറ് വികാരിയായും തൃശൂർ മൈനർ സെമിനാരിയിൽ ഫാദർ പ്രീഫെക്‌ട്, വൈറസ് റെക്‌ടർ, പ്രെക്കുരേറ്റർ എന്നീ നിലകളിലും കൂനംമൂച്ചി, ചേരുംകുഴി, പള്ളികളിൽ ആക്ടിംഗ് വികാരിയും സേവനം ചെയ്‌തു.

റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കാനൽ നിയമത്തിൽ ഡോക്‌ടറേറ്റ് നേടി. രൂപത വൈസ് ചാൻസിലർ, ചാൻസിലർ, സിൻ ചെല്ലൂസ് എന്നീ പദവികൾ വഹിച്ചു. രൂപത കച്ചേരിയിൽ നോട്ടറിയും ജഡ്‌ജിയും അഡ്ജുറ്റന്റ് വികാരിയും ആയിരുന്നു. 2010 തൃശൂർ അതിരൂപത സഹായ മെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതൽ ഇന്ത്യയിൽ സീറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളായി താമസിക്കുന്ന രണ്ടുലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്ററായി.

മാർപാപ്പയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അന്തർദേശീയ കത്തോലിക്ക അൽമായ മുന്നേറ്റമായ ജീസസ് യൂത്തിന്റെ ആഗോള ആത്മീയ ഉപദേഷ്‌ടാവായി ഷംസാബാദ് രൂപത തെരഞ്ഞെടുത്തു. 2018-ലാണ് 23 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളുമടങ്ങുന്ന ഷംഷാബാദ് രൂപതയുടെ മെത്രാനാകുന്നത്. ഷംഷാബാദ് രൂപതയുടെ ആദ്യ ബിഷപ്പായി സേവനം ചെയ്യുമ്പോഴാണ് പുതിയ നിയോഗം ലഭിച്ചത്.

