KOYILANDY DIARY

The Perfect News Portal

മണിപ്പൂർ: വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാലയിൽ ഉപരിപഠനം നടത്താം

കണ്ണൂർ: മണിപ്പൂർ: വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാലയിൽ ഉപരിപഠനം നടത്താം. മണിപ്പുരിലെ വംശീയകലാപത്തിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർഥികൾക്കാണ് കണ്ണൂർ സർവകലാശാല ഉപരിപഠനത്തിന്‌  അവസരമൊരുക്കുതെന്ന് വൈസ്‌ ചാൻസലർ ഗോപിനാഥ്‌ രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ  പറഞ്ഞു. മണിപ്പൂരിലെ വിദ്യാർഥി സംഘടനകളുടെ അപേക്ഷ പരിഗണിച്ച്‌ തിങ്കൾ രാവിലെ താവക്കര ആസ്ഥാനത്ത്‌ ചേർന്ന അടിയന്തിര സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. 

മണിപ്പുർ വിദ്യാർഥികൾക്കായി  പ്രത്യേകം സീറ്റുകൾ അനുവദിക്കും. തുടർ വിദ്യാഭ്യാസത്തിന് അർഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത വിദ്യാർഥികൾക്കാണ് സർവകലാശാല സീറ്റുകൾ അനുവദിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സർവകലാശാല മണിപ്പുർ വിദ്യാർഥികൾക്ക്‌ ഉന്നത വിദ്യാഭ്യാസത്തിന്‌ അവസരമൊരുക്കുന്നത്‌. സർവകലാശാലയിലെത്തുന്ന  വിദ്യാർഥികൾക്ക്  താമസസൗകര്യവും സാമ്പത്തിക സഹായവും നൽകും. പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സർവകലാശാലയിലെ പഠനം പൂർത്തിയാക്കുന്നതുവരെ സമയം നൽകും. മണിപ്പൂരിലെ കലാപസാഹചര്യം പരിഗണിച്ചാണിത്‌.

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ കായിക പഠന വകുപ്പിലെ  എംപിഇഎസ്‌ പ്രോഗ്രാമിൽ  ചേരുന്നതിന്  ഒരു വിദ്യാർഥി ഇതിനകം തന്നെ താല്പര്യം പ്രകടിപ്പിച്ചതായും വൈസ്‌ ചാൻസലർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിൻഡിക്കറ്റംഗം എൻ സുകന്യ പങ്കെടുത്തു.

Advertisements