KOYILANDY DIARY.COM

The Perfect News Portal

‘സഞ്ചാരം’ തുടങ്ങാൻ കാരണം മമ്മൂക്ക; പിന്നണിയിലെ ‘ക്യാമറ’ രഹസ്യം വെളിപ്പെടുത്തി സന്തോഷ് ജോർജ് കുളങ്ങര

.

മലയാളത്തിലെ ജനപ്രിയ യാത്രാവിവരണ പരിപാടിയാണ്‌ സഞ്ചാരം. ലോകത്തിന്റെ വിവിധ കോണുകളിലെ കാ‍ഴ്ചയും മനുഷ്യരെയും മലയാളിക്ക് സുപരിചിതമാക്കിയ സഞ്ചാരം എന്ന യാത്രാവിവരണ പരിപാടി യാഥാർത്ഥ്യമാകാനുള്ള അദൃശ്യ കാരണം മമ്മൂട്ടിയാണെന്ന് വെളിപ്പെടുത്തി സന്തോഷ് ജോർജ് കുളങ്ങര.

 

മമ്മൂക്കയുള്ള വേദിയിൽ വെച്ചാണ് സഞ്ചാരം എന്ന പരിപാടി ആരംഭിക്കാൻ മമ്മൂക്ക ഒരു അദൃശ്യകാരണമായിരുന്നുവെന്ന് സന്തോഷ് ജോർജ് കുളങ്ങര വെളിപ്പെടുത്തിയത്. മമ്മൂക്കയ്ക്ക് പോലും അറിയാത്ത ഒരു രഹസ്യമാണ് ഇതെന്നും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. മമ്മൂക്കയ്ക്ക് വേണ്ടി കൊണ്ടുവന്ന ഒരു ക്യാമറ വ‍ഴിതെറ്റി തന്റെ അടുക്കലാണ് എത്തിയതെന്നും അതാണ് സഞ്ചാരത്തിലേക്ക് നയിച്ചതെന്നും സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.

Advertisements

 

‘ഒരു ദിവസം ഞാൻ സ്റ്റുഡിയോക്ക് പുറത്ത് എഡിറ്റ് ചെയ്യുന്നതിനായി വെയിറ്റ് ചെയ്യുന്ന സമയത്ത് ഷൗക്കത്ത് വന്നിട്ട് ഒരു ലേറ്റസ്റ്റ് മോഡൽ ക്യാമറയെ കുറിച്ചും അതിന്റെ ഗുണഗണങ്ങളെ പറ്റിയും പറഞ്ഞു. കേരളത്തിലേക്ക് ആദ്യമായി എത്തിയ ഡിവി ക്യാമറയെ പറ്റിയായിരുന്നു ഷൗക്കത്ത് പറഞ്ഞത്. മമ്മൂക്കയ്ക്ക് വേണ്ടി കൊണ്ടുവന്ന ക്യാമറയായിരുന്നു അത്. അന്ന് കേരളത്തിൽ ആർക്കും ഇങ്ങനെയൊരു ക്യാമറ ഇറങ്ങിയ കാര്യം പോലും അറിയില്ലായിരുന്നു.

 

അന്ന് മമ്മൂക്ക ആവശ്യപ്പെട്ടതുകൊണ്ട് ഷൗക്കത്ത് കൊണ്ടുവന്ന ക്യാമറ എയർപോർട്ടിൽ കുടുങ്ങി. ഞാനും ഷൗക്കുവും കൂടി തിരുവനന്തപുരത്ത് പോയി ഒരു ദിവസം അധ്വാനിച്ച് ക്യാമറ പുറത്തിറക്കി. പിന്നീട് ആ ക്യാമറ മമ്മൂക്കയിലേക്ക് പോയില്ല, അത് എന്റേതായി മാറി. ഒരു വലിയ ക്യാമറ യൂണിറ്റിനെയും കൂട്ടി സഞ്ചാരം പോലൊരു പരിപാടി ഷൂട്ട് ചെയ്യാനായി പോകാനാകില്ല. എന്നാൽ വളരെ കോംപാക്ട് ആയ ഡിവി ക്യാമറ അതുപോലെയല്ല,. എല്ലാ കാര്യങ്ങളും എനിക്ക് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കും. അങ്ങനെ ആ ക്യാമറയിലൂടെയാണ് സഞ്ചാരം യാഥാർത്ഥ്യമാകുന്നത്.’ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.

Share news