മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ നടന്ന സ്വര്‍ണക്കവര്‍ച്ച; പ്രതികള്‍ പിടിയില്‍

മലപ്പുറം എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസില്‍ സ്വര്‍ണക്കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയില്‍. പള്ളുരുത്തി സ്വദേശികളായ നെല്ലിക്കൽ നൗഫൽ (34), പാറപ്പുറത്ത് നിസാർ (ജോയ്- 50), കോഴിക്കോട് കൊയിലാണ്ടി പൊയിൽക്കാവ് നാലേരി ജയാനന്ദൻ (ബാബു- 61) എന്നിവരെയാണ് തിരൂർ ഡിവൈഎസ്‌പി ഇ ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘം തിങ്കളാഴ്ച രാത്രി അറസ്‌റ്റ് ചെയ്‌തത്.

തിരൂരിലുള്ള ജ്വല്ലറിയില്‍ മോഡല്‍ കാണിക്കാനായി ജിബിൻ എന്ന ജീവനക്കാരൻ കൊണ്ടുവന്ന സ്വര്‍ണാഭരണങ്ങളാണ് കുറ്റിപ്പറത്തുനിന്ന് തൃശൂരിലേക്കുള്ള ബസ് യാത്രക്കിടെ സംഘം കവര്‍ന്നത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ജിബിന്‍ കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. തിരക്കായതിനാൽ ബാഗ് പുറകിലിട്ട് നിന്നാണ് എടപ്പാള്‍വരെ യാത്ര ചെയ്തത്. എടപ്പാളില്‍ യാത്രക്കാര്‍ ഇറങ്ങിയതോടെ സീറ്റ് ലഭിച്ചു. തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ സൂക്ഷിച്ച ബോക്സ് നഷ്ടപ്പെട്ടത് അറിയുന്നത്. ഉടൻ ബസ് ജീവനക്കാരെ അറിയിച്ചു. ചങ്ങരംകുളം പെലീസെത്തി ബസ് സ്റ്റേഷനിലെത്തിച്ച് യാത്രക്കാരെയും ബസും പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല.

സ്വർണത്തിന്റെ ഉടമകളായ തൃശൂര്‍ സ്വദേശികൾ സ്റ്റേഷനിലെത്തി പരാതി നല്‍കി. ചങ്ങരംകുളം, കുറ്റിപ്പുറം പൊലീസും തിരൂര്‍ ഡിവൈഎസ്‌പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷക സംഘവും ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. സംഭവ സമയത്ത് 35 യാത്രക്കാര്‍ എടപ്പാളില്‍ ഇറങ്ങിയതായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ മൊഴി നൽകിയിരുന്നു. എടപ്പാളില്‍ ഇറങ്ങിയവരുടെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചായിരുന്നു അന്വേഷണം. 1.8 കോടിയുടെ 1512 ഗ്രാം സ്വര്‍ണമാണ് ജീവനക്കാരന്റെ കൈവശം കൊടുത്തുവിട്ടിരുന്നതെന്ന് ഉടമകള്‍ പൊലീസിന് നല്‍കിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

