KOYILANDY DIARY

The Perfect News Portal

കാട്ടാനകളെക്കൊണ്ട് രക്ഷയില്ലാതെ മലമ്പുഴ കർഷകർ കണ്ണീരിൽ

മലമ്പുഴ: കാട്ടാനകളെക്കൊണ്ട്‌ രക്ഷയില്ലാതെ നാട്ടുകാർ. കൊലവിളിയുമായി കാട്ടാനകൾ കാടിറങ്ങുമ്പോൾ പ്രാണഭയത്തിലാണ്‌ ആളുകൾ. അട്ടപ്പാടിയിലും മലമ്പുഴയിലും ധോണിയിലും കാട്ടാനകളുടെ ആക്രമണത്തിൽ മുൻ വർഷങ്ങളിൽ കൊല്ലപ്പെട്ട 15 പേരുടെ ഓർമകൾ ഇപ്പോഴും നടുക്കത്തോടെയാണ്‌ ആളുകൾ ഓർക്കുന്നത്‌. ഇടവേളയിൽ കുറവായിരുന്ന കാട്ടാനകളുടെ ആക്രമണം അടുത്തിടെ വർധിച്ചു. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നു. പുലർച്ചെയ്‌ക്ക്‌ നടന്നുപോകുന്നവരെ ആക്രമിക്കുന്നു. മലമ്പുഴ അണക്കെട്ടിൽ മത്സ്യം പിടിക്കാനെത്തിയ രണ്ട്‌ തൊഴിലാളികളെ ആക്രമിച്ചു.
 വിടാതെ ചുരുളിക്കൊമ്പനും കൂട്ടരും
കഴിഞ്ഞദിവസം വനപാലകർ കാടുകയറ്റിയ ചുരുളിക്കൊമ്പൻ ഞായറാഴ്‌ച വീണ്ടും നാട്ടിലിറങ്ങി ആക്രമണം നടത്തി. പുല്ലംകുന്നത്ത്‌ ഞായറാഴ്‌ച അർധരാത്രിക്കുശേഷം ചുരുളിക്കൊമ്പനും കൂട്ടരും 55 തെങ്ങും 125 വാഴയും പിഴുതെറിഞ്ഞു. പ്ലാവ്, മാവ്, തേക്ക്, മതിൽ, വേലി എന്നിവയും തകർത്തു. മലമ്പുഴ ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസിന്‌ തൊട്ടുപിന്നിലാണ്‌ സംഭവം. കണ്ണിൽ കണ്ടതല്ലാം നശിപ്പിക്കുകയായിരുന്നു. പുല്ലംകുന്ന് ബാബുവിന്റെ 36 തെങ്ങ്‌ നശിപ്പിച്ചു. ഒരെണ്ണംമാത്രമാണ് ഇനിയുള്ളത്‌. റേഞ്ച്‌ ഓഫീസിന്‌ പിന്നിലുള്ള മിഷണറീസ് ഓഫ് ഫെയ്‌ത്ത്‌ പ്രൊവിഷണൽ ഹൗസിലെ 17 തെങ്ങ്, 125ലധികം വാഴ, പ്ലാവ്, തേക്ക്‌ എന്നിവ നശിപ്പിച്ചു. പുല്ലംകുന്ന് തങ്ക പ്രകാശിന്റെ മൂന്ന് തെങ്ങും നശിപ്പിച്ചു.
Advertisements
ശനിയാഴ്‌ച പകൽ ആറങ്ങോട്ടുകുളമ്പ് ഭാഗത്ത് വിളയാടിയ ചുരുളിക്കൊമ്പനെയും കുട്ടിക്കൊമ്പനെയും ആർആർടിയുടെ നേതൃത്വത്തിൽ അയപ്പൻമല കയറ്റിവിട്ടിരുന്നു. മറ്റ്‌ ആനകളെയും കൂട്ടിയാണ് പിന്നീട്‌ എത്തിയത്‌. ഫോറസ്റ്റ് ഓഫീസിന് തൊട്ടുപിന്നിൽ ഇത്രയും നശിപ്പിച്ചിട്ടും ആ സമയത്ത്‌ ഒരാൾപോലും തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ പറഞ്ഞു. ഒരു ആന മാത്രമാണ്‌ എത്തിയതെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്‌. ഒരാനയ്‌ക്ക്‌ ഇത്രയും തെങ്ങും വാഴയും ഒറ്റരാത്രിയിൽ നശിപ്പിക്കാൻ കഴിയില്ല. നിരവധിയിടങ്ങളിൽ ആനപ്പിണ്ഡം കിടക്കുന്നുണ്ട്. സെമിനാരിയിലെ ജീവനക്കാരിയും ആനക്കൂട്ടത്തെ കണ്ടു.
കർഷകസംഘം ഇന്ന്‌ ഫോറസ്‌റ്റ്‌ ഓഫീസ് വളയും
നിരന്തരമായ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട്‌ കർഷകസംഘം മലമ്പുഴ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ തിങ്കളാഴ്‌ച രാവിലെ 7.30ന്‌ പുല്ലംകുന്നിലെ ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസ് വളയും. പകൽ ആനകളെ കാടുകയറ്റണം, നാശനഷ്ടമുണ്ടാകുന്ന കർഷകർക്ക് മതിയായ നഷ്ടപരിഹാരം കാലതാമസമില്ലാതെ നൽകണം, ആർആർടി ഉൾപ്പെടെ വനപാലകർ ഉണർന്നുപ്രവർത്തിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ പ്രതിഷേധം.