KOYILANDY DIARY.COM

The Perfect News Portal

അതിശയിപ്പിക്കുന്ന കാഴ്‌ചയുമായി മലബാർ ക്രാഫ്‌റ്റ്‌സ്‌ മേള

കോഴിക്കോട്‌: അതിശയിപ്പിക്കുന്ന കാഴ്‌ചയുമായി മലബാർ ക്രാഫ്‌റ്റ്‌സ്‌ മേള. മുളയിൽ തീർത്ത ലൗഡ്‌സ്‌പീക്കർ, മഴമൂളി, മെതിയടി തുടങ്ങി കരകൗശല വൈദഗ്‌ധ്യത്തിന്റെ അതിശയിപ്പിക്കുന്ന കാഴ്‌ചയുമായാണ് മലബാർ ക്രാഫ്‌റ്റ്‌സ്‌ മേള തുടങ്ങിയത്. സരോവരം സ്വപ്‌ന നഗരിയിൽ 30 സംസ്ഥാനങ്ങളിലെ കരകൗശല വിദഗ്‌ധർ പങ്കെടുക്കുന്ന മേള വ്യവസായ- വാണിജ്യ വകുപ്പാണ്‌ സംഘടിപ്പിക്കുന്നത്‌.
വിവിധ സംസ്ഥാനങ്ങളുടെ 285 സ്‌റ്റാളുകളുണ്ട്‌. ഇതിൽ കേരളത്തിൽ നിന്ന്‌ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബാംബൂ മിഷൻ, സർഗാലയ, ഹാൻഡ്‌ലൂം തുടങ്ങി 80 യൂണിറ്റുകളാണുള്ളത്‌. മുള ഉൽപ്പന്നങ്ങളാണ്‌ ഇവയിൽ പ്രധാനം. സ്‌ത്രീ സംരംഭകരുടെ സ്‌റ്റാളുകളുമുണ്ട്‌.
പാളയിലും പേപ്പറിലും നാരുകളിലും നിർമിച്ച അലങ്കാരച്ചെടികളും ചൂരലിൽ തീർത്ത ഉൽപ്പന്നങ്ങളും നിരവധിയാണ്‌. സസ്യ വൈവിധ്യവുമുണ്ട്‌. തുണിത്തരങ്ങളും പാദ രക്ഷകളുമാണ്‌ ഉത്തരേന്ത്യൻ  സ്‌റ്റാളുകളിൽ പ്രധാനം. രാജസ്ഥാനിലെ ആദിവാസി വിഭാഗങ്ങളുടെ പെയിന്റിങ് ആകർഷകമാണ്‌.
മരത്തടിയിൽ നിർമിച്ച കളിപ്പാട്ടങ്ങൾ,  ബാഗുകൾ, പെയിന്റിങ്ങുകൾ, പുഷ്പങ്ങൾ തുടങ്ങിയവയുമുണ്ട്‌. ഫുഡ് കോർട്ടുകൾ, പരമ്പരാഗത സാംസ്കാരിക പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. 16 വരെ തുടരും.

 

Share news