KOYILANDY DIARY

The Perfect News Portal

മഹാത്മാ ഗാന്ധിയുടെ വടകര സന്ദർശനം ചരിത്രത്തിൻ്റെ ഭാഗം; കവി വീരാൻ കുട്ടി

മഹാത്മാ ഗാന്ധിയുടെ വടകര സന്ദർശനം ചരിത്രത്തിൻ്റെ ഭാഗമാണെന്ന് കവി വീരാൻ കുട്ടി പറഞ്ഞു. ഗാന്ധിയൻ ദർശനങ്ങൾ ഉട്ടോപ്യൻ ചിന്താഗതിയോ, കാല്പനിക ഭാവനയോ അല്ലെന്നും മറിച്ച് പ്രായോഗികവൽക്കരിക്കാൻ കഴിയുന്ന അമൂർത്തമായ ദർശനമാണെന്നും പ്രശസ്ത കവി വീരാൻകുട്ടി അഭിപ്രായപ്പെട്ടു.
ഗാന്ധിജിയുടെ വടകര സന്ദർശനത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും, സ്വാഗത സംഘം ഓഫീസ്  ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ ഐ. മൂസ അദ്ധ്യക്ഷത വഹിച്ചു. കവി അഖിൽ രാജിനാണ് ചടങ്ങിൽ ലോഗോ  കൈമാറിയത്. 
ആദർശം കൊണ്ടും, സ്വജീവതം കൊണ്ടും ജന കോടികളെ സ്വാധീനിച്ച മഹാത്മജിയെ തിരസ്‌ക്കരിക്കാനാണ് വർത്തമാനകാല ഇന്ത്യയിലെ ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും, എന്നാൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന ലോക നേതാക്കൾ നടത്തിയ ഗാന്ധിസ്മൃതി ഗാന്ധിയൻ ആശയങ്ങൾക്ക്  ലോകത്തുള്ള പ്രസക്തി വിളംബരം ചെയ്യുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 മണലിൽ മോഹനൻ, പുറന്തോടത്ത് സുകുമാരൻ, കെ. സി. വിജയരാഘവൻ, വത്സലൻ കുനിയിൽ, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് പി. കെ. രാധാകൃഷ്ണൻ, വി. കെ. പ്രേമൻ, വി.പി. സർവ്വോത്തമൻ, ഹരീന്ദ്രൻ കരിമ്പനപ്പാലം എന്നിവർ സംസാരിച്ചു.