KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷം 

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷം ശിവരാത്രി നാളിൽ (മാർച്ച് 8) പ്രഭാതം മുതൽ പ്രദോഷം വരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ നടത്തുന്നു. ശിവരാത്രി നാളിൽ ക്ഷേത്രം തന്ത്രി പഴയ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി ഗോവിന്ദ ഇല്ലത്ത് ശിവപ്രസാദ് നമ്പൂതിരി വിശേഷാൽ പൂജകൾ നടത്തുന്നു. ക്ഷേത്രാങ്കണത്തിൽ അഖണ്ഡനൃത്താർച്ചന അരങ്ങേറും. തെന്നിന്ത്യയിലെ പ്രശസ്ത നർത്തകർ അവതരിപ്പിക്കുന്ന ഭരതനാട്യം, കഥക്, കഥകളി, കുച്ചിപ്പുടി, മണിപ്പൂരി, മോഹിനിയാട്ടം തുടങ്ങിയ വിവിധ നൃത്തകലാ രൂപങ്ങളും അരങ്ങേറും.
പ്രാദേശിക കലാകാരന്മാരെ കൂടി ഉൾപ്പെടുത്തി നാഷണൽ ടെമ്പിൾ ഡാൻസ് ഫെസ്റ്റായി നടത്തുന്ന ഈ നൃത്താർച്ചനയ്ക്ക് നേതൃത്വം കൊടുക്കുന്നത് ഡോ. മധുസൂദനൻ ഭരതാഞ്ജലിയാണ്. തുടർച്ചയായി നടത്തുന്ന ഈ സമർപ്പണം പത്താം വർഷത്തിലേക്ക്‌ കടക്കുന്നു.
ദീപാരാധനയ്ക്കു ശേഷം പഞ്ചാക്ഷരീ മന്ത്രം കൊണ്ട് മുഖരിതമായ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ശയനപ്രദക്ഷിണം നടക്കും. രാത്രി 10 മണിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാരും സംഘവും അവതരിപ്പിക്കുന്ന വാദ്യമേളം, ക്ഷേത്രാചാരപ്രകാരമുള്ള ശ്രീഭൂതബലി, വിളക്കാചാരം, അർധ യാമപൂജ എന്നീ ന്നിവയും നടക്കുന്നതാണ്.