KOYILANDY DIARY.COM

The Perfect News Portal

‘കോഴിക്കോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ മേൽപ്പാലം മീഞ്ചന്തയിൽ നിർമ്മിക്കും’; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ മേൽപ്പാലം മീഞ്ചന്തയിൽ നിർമ്മിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വട്ടക്കിണർ – മീഞ്ചന്ത – അരീക്കാട് മേൽപ്പാലത്തിന് പണമനുവദിച്ചതായും മന്ത്രി. കോഴിക്കോട് ഫ്രാൻസിസ് റോഡിൽ നവീകരിച്ച എകെജി മേൽപ്പാലത്തിന്റെയും പാലത്തിന്റെ വൈദ്യുത ദീപാലങ്കാരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കിലോമീറ്ററിലേറെ നീളമുള്ള, ജില്ലയിലെ ഏറ്റവും നീളമുള്ള മേൽപ്പാലം മീഞ്ചന്തയിൽ നിർമിക്കാൻ സംസ്ഥാന സർക്കാർ ഫണ്ട്‌ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. മീഞ്ചന്ത, വട്ടക്കിണർ, അരീക്കാട് ഭാഗങ്ങളിലെ രൂക്ഷമായ ഗതാഗതസ്തംഭനത്തിന് പരിഹാരമായി. വട്ടക്കിണറിൽ നിന്ന് തുടങ്ങി മീഞ്ചന്തയ്ക്ക് മുകളിലൂടെ അരീക്കാട് ഇറങ്ങുന്ന മേൽപ്പാലം കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ തുടങ്ങി ബേപ്പൂർ നിയോജകമണ്ഡലത്തിൽ അവസാനിക്കും.

മേൽപ്പാലത്തിനായി ഭൂമിയേറ്റെടുക്കുന്ന പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ചെറുവണ്ണൂർ, മീഞ്ചന്ത മേൽപ്പാലങ്ങൾക്കായി ആകെ 200 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഞ്ചു വർഷം കൊണ്ട് 100 പാലങ്ങൾ പൂർത്തിയാക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യമെങ്കിൽ മൂന്നേകാൽ വർഷം കൊണ്ട് തന്നെ ലക്ഷ്യം പൂർത്തീകരിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.

Advertisements

നവീകരണം പൂർത്തിയായ കോഴിക്കോട് എകെജി മേൽപ്പാലം മന്ത്രി സന്ദർശിച്ചു. പരിപാടിയിൽ അഹമ്മദ് ദേവർ കോവിൽ എംഎൽഎ, ഡെപ്യൂട്ടി മേയർ സിപി മുസാഫിർ അഹമ്മദ്, കൗൺസിലർമാരായ കെ മൊയ്‌തീൻ കോയ, പി മുഹ്സിന, പൊതുമരാമത്ത് (പാലം) വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി എസ് അജിത്, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ വി ഷൈനി തുടങ്ങിയവർ പങ്കെടുത്തു.

Share news