KOYILANDY DIARY.COM

The Perfect News Portal

ലോക്‌സഭ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ എം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള സി പി ഐ എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററാണ് പ്രഖ്യാപനം നടത്തിയത്. 15 മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്‌. സി‌പിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പാലക്കാട്ടും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും, കെ കെ ശൈലജ വടകരയിലും, കെ രാധാകൃഷ്ണൻ ആലത്തൂരിലും മത്സരിക്കും. 

സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിമാരുമായ എം വി ജയരാജൻ കണ്ണൂരും വി ജോയി ആറ്റിങ്ങലിലും എം വി ബാലകൃഷ്ണൻ കാസർകോടും മത്സരിക്കും. മുൻ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ചാലക്കുടിയിലും സിറ്റിങ് എം പി എ എം ആരിഫ് ആലപ്പുഴയിലും എംഎൽഎ കൂടിയായ നടൻ എം മുകേഷ് കൊല്ലത്തും ജനവിധി തേടും. മുൻ എംപി ജോയ്സ് ജോർജ് ഇടുക്കിയിലും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ്  മലപ്പുറത്തും കെഎസ്‌‌ടിഎ സംസ്ഥാന നേതാവ് കെ ജെ ഷൈൻ എറണാകുളത്തും  മുൻ മുസ്ലീംലീഗ്‌ നേതാവ്‌ കെ എസ് ഹംസ പൊന്നാനിയിലും മത്സരിക്കും. ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമാണ് വാർത്താസമ്മേളനത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

 

ബിജെപിയെ അധികാരത്തിൽനിന്നും മാറ്റി നിർത്താനാണ് സിപിഐ എം ശ്രമിക്കുന്നതെന്നും അതിനുള്ള ശ്രമങ്ങൾ മുന്നേറിക്കൊണ്ടിരിക്കുയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ബിജെപി വിരുദ്ധവോട്ടുകൾ ഏകോപിപ്പിക്കും. ബിജെപി മുന്നേറിയെന്ന പ്രചാര വേല കോർപ്പറേറ്റ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതാണ്. അത് ശരിയല്ല. കോർപ്പറേറ്റ് മൂലധനത്തിനും ഹിന്ദുത്വ അജണ്ടയ്ക്കും ബദലായി മതനിരപേക്ഷ നിലപാടുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Advertisements

 

എൽഡിഎഫ് ധാരണപ്രകാരം സംസ്ഥാനത്തെ 20 സീറ്റിൽ 15 ഇടത്താണ് സിപിഐ എം മത്സരിക്കുന്നത്. നാലിടത്ത് സിപിഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് മാണിയുമാണ് മത്സരിക്കുന്നത്. 20 സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ് ലോകസഭാ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിട്ടും സീറ്റ് വിഭജനം പോലും യുഡിഎഫിൽ തീരുമാനമായിട്ടില്ല. ലീഗ് ആവശ്യപ്പെട്ട  മൂന്നാം സീറ്റിലും ചർച്ച പൂർത്തിയായിട്ടില്ല.

 
എൽഡിഎഫ് സ്ഥാനാർഥികൾ
കാസർകോഡ് – എം വി ബാലകൃഷ്ണൻ (സിപിഐ എം‍)
കണ്ണൂർ – എം വി ജയരാജൻ (സിപിഐ എം‍)
വടകര – കെ കെ ശെെലജ (സിപിഐ എം‍)
വയനാട് – ആനി രാജ (സിപിഐ)
കോഴിക്കോട് – എളമരം കരീം (സിപിഐ എം‍)
മലപ്പുറം – വി വസീഫ് (സിപിഐ എം‍)
പൊന്നാനി – കെ എസ് ഹംസ (സിപിഐ എം‍)
പാലക്കാട് – എ വിജയരാഘവൻ (സിപിഐ എം‍)
ആലത്തൂർ – കെ രാധാകൃഷ്ണൻ (സിപിഐ എം‍)
തൃശൂർ –  വി എസ് സുനിൽകുമാർ (സിപിഐ)
ചാലക്കുടി – സി രവീന്ദ്രനാഥ് (സിപിഐ എം‍)
എറണാകുളം – കെ ജെ ഷെെൻ (സിപിഐ എം‍)
ഇടുക്കി – ജോയ്സ് ജോർജ് (സിപിഐ എം‍)
കോട്ടയം – തോമസ് ചാഴിക്കാടൻ (കേരള കോൺ​ഗ്രസ് എം)
ആലപ്പുഴ – എ എം ആരിഫ് (സിപിഐ എം‍)
മാവേലിക്കര – സി എ അരുൺകുമാർ (സിപിഐ )
പത്തനംതിട്ട – ഡോ. ടി എം തോമസ് ഐസക് (സിപിഐ എം‍)
കൊല്ലം – എം മുകേഷ് (സിപിഐ എം‍)
ആറ്റിങ്ങൽ – വി ജോയി (സിപിഐ എം‍)
തിരുവനന്തപുരം – പന്ന്യൻ രവീന്ദ്രൻ  (സിപിഐ)

Share news