KOYILANDY DIARY

The Perfect News Portal

മദ്യനയ വ്യാജ പ്രചാരണം; തിരുവഞ്ചൂരിന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം: മദ്യനയത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾ നടത്തിയ കേസിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ജവഹർ നഗറിലെ ഓഫീസിൽ ഹാജരാകണമെന്ന് അർജുന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. മദ്യനയത്തിന്റെ പേരിൽ കോഴ ആവശ്യപ്പെട്ടുള്ള ശബ്ദസന്ദേശം പ്രചരിച്ച വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ അര്‍ജുനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

മദ്യനയത്തിന്റെ പേരിലുള്ള വ്യാജ പ്രചാരണത്തിൽ ഗൂഢാലോചന സംശയിക്കുന്നതായി എക്‌സൈസ്‌ മന്ത്രി എം ബി രാജേഷ് സംസ്ഥാന പൊലീസ് മേധാവി ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബിനു നൽകിയ പരാതിക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച്‌ കേസന്വേഷണം ആരംഭിച്ചത്. മദ്യനയത്തിൽ ഇളവ് കിട്ടണമെങ്കിൽ ഓരോ ബാറുടമയും രണ്ടര ലക്ഷംവീതം നൽകണമെന്ന്‌ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സസ്‌പെന്റുചെയ്‌ത ഇടുക്കി ജില്ലാ പ്രസിഡന്റായിരുന്ന അനിമോന്റെ പേരിലാണ് ശബ്ദസന്ദേശം പ്രചരിപ്പിച്ചത്.

 

ഇല്ലാത്ത മദ്യനയത്തിന്റെ പേരിലാണ്‌ പ്രതിപക്ഷം അഴിമതി ആരോപിക്കുന്നതെന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന്‌ എം ബി രാജേഷ് മറുപടി നൽകിയിരുന്നു. ഡ്രൈഡേ പിൻവലിക്കാൻ ഈ സർക്കാർ ആലോചിച്ചിട്ടുപോലുമില്ല. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 2014ൽമാത്രം മൂന്ന്‌ മദ്യനയമാണ്‌ രൂപീകരിച്ചത്‌. രണ്ടാമത്തെ മദ്യനയത്തിൽ എല്ലാ ഞായറും ഡ്രൈഡേയായി പ്രഖ്യാപിച്ചു. അത്‌ പിൻവലിക്കാനായിരുന്നു മൂന്നാമത്തെ മദ്യനയം. 52 ഡ്രൈ ഡേയാണ്‌ അന്നുപിൻവലിച്ചത്‌. അന്ന്‌ എക്സൈസ്‌ കമീഷണറുടെ ശുപാർശ അവഗണിച്ച്‌ 418 ബാർ പൂട്ടി. പിന്നീട്‌ ഇവയ്‌ക്ക്‌ ബിയർ– വൈൻ ലൈസൻസ്‌ അനുവദിച്ചു.

Advertisements

 

യുഡിഎഫ്‌ സർക്കാർ നിയമിച്ച കമീഷൻ ശുപാർശയനുസരിച്ചാണ്‌ ത്രീസ്‌റ്റാറിനു മുകളിലുള്ളവയ്‌ക്ക്‌ എൽഡിഎഫ്‌ സർക്കാർ ബാർ ലൈസൻസ്‌ നൽകിയത്‌. മദ്യ ഉപഭോഗം കൂടിയിട്ടില്ല. 2012–-13ൽ ആകെ വരുമാനത്തിന്റെ 18.21 ശതമാനം മദ്യത്തിൽനിന്നായിരുന്നെങ്കിൽ ഇപ്പോൾ 13.4 ശതമാനമാണ്‌.  യുഡിഎഫ്‌ സർക്കാർ അഞ്ചു വർഷംകൊണ്ട്‌ ഒരു ലക്ഷം രൂപ ബാർ ലൈസൻസ്‌ ഫീ കൂട്ടിയപ്പോൾ ഒന്നാം പിണറായി സർക്കാർ ഏഴുലക്ഷം രൂപയും ഈ സർക്കാർ അഞ്ചുലക്ഷം രൂപയും കൂട്ടിയതെന്ന്‌ എം ബി രാജേഷ്‌ പറഞ്ഞു