KOYILANDY DIARY

The Perfect News Portal

ബീഹാറിൽ ഇടതുപക്ഷം കരുത്ത് തെളിയിക്കും

ബീഹാറിൽ ഇടതുപക്ഷം കരുത്ത് തെളിയിക്കും.. ഭൂമിക്കു വേണ്ടിയുള്ള പോരാട്ടത്തിലൂടെ വേരോട്ടമുണ്ടാക്കിയ ഇടതുപാർടികൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ ലക്ഷ്യമിടുന്നത് വൻ കുതിപ്പിന്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച പത്തൊമ്പതിൽ 16 സീറ്റും ജയിച്ചത് മഹാസഖ്യത്തിൻ്റെ കെട്ടുറപ്പും ഇടതുപാർടികളുടെ ആത്മവിശ്വാസവും വർധിപ്പിക്കുന്നു. ബിഹാറിൽനിന്ന് 30 വർഷമായി ഇടതുപാർടികളിൽനിന്നുള്ള ലോക്‌സഭാംഗമില്ല എന്നത് തിരുത്താനുറച്ച പോരാട്ടമാണ് സിപിഐ എം, സിപിഐ എംഎൽ, സിപിഐ പാർടികൾ നടത്തുന്നത്. ആര, നളന്ദ, കർക്കാട്ട് എന്നിവിടങ്ങളിൽ സിപിഐ എംഎൽ മത്സരിക്കുന്നു. ഖഗാരിയയിൽ സിപിഐ എമ്മും ബെഗുസരായിൽ സിപിഐയും. തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷ ഇടതുനേതാക്കൾ ‘ദേശാഭിമാനി’യോട് പങ്കുവച്ചു.
ഫ്യൂഡലിസം രാഷ്ട്രീയാധികാരംനേടി പുതിയ രൂപത്തിൽ സംസ്ഥാനത്ത് ശക്തിപ്രാപിച്ചുവെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം അരുൺ മിശ്ര പറഞ്ഞു. 20 ലക്ഷം ഏക്കർ സർക്കാർ ഭൂമി ജന്മികളുടെയും വൻകിട കൈയേറ്റക്കാരുടെയും പക്കലുണ്ടെന്ന് 2008ൽ ബി ബന്ദോപാധ്യായ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും ഫ്യൂഡൽ രാഷ്ട്രീയ നേതൃത്വത്തിനു മുന്നിൽ നിതീഷ് കുമാർ മുട്ടുമടക്കി. ഭൂപരിഷ്കരണത്തിനുവേണ്ടി ഇടതുപക്ഷം ശക്തമായി ഇന്നും തെരുവിലുണ്ട്. ഭൂമി അവകാശം, തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങി ഇടതുപക്ഷം ഉന്നയിച്ച ആവശ്യങ്ങൾ ആർജെഡി പ്രകടന പത്രികയിൽ ഉൾപ്പെടുത്തി. ജനകീയ പ്രശ്‌നങ്ങളിലെ നിലപാട് മഹാസഖ്യത്തിന് അനുകൂല തരംഗം സൃഷ്ടിച്ചു. ഖഗാരിയ ലോക്‌സഭാ മണ്ഡലത്തിൽ സിപിഐ എം വൻ വിജയം നേടും.- ജമാൽ റോഡിലെ പാർടി ആസ്ഥാനത്തിരുന്ന് അദ്ദേഹം പറഞ്ഞു.
Advertisements
ബെഗുസരായിൽ സിപിഐയും ജയപ്രതീക്ഷയിലാണ്. ഹിന്ദുത്വ ആശയങ്ങളെ ജനകീയ പ്രശ്‌നങ്ങൾ ഉയർത്തി ചെറുത്തുതോൽപ്പിക്കാൻ കഴിയുമെന്ന് ജനങ്ങൾക്ക് ബോധ്യമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ പറഞ്ഞു. ബിജെപിയെ അധികാരത്തിൽനിന്ന് തൂത്തെറിയാൻ ബിഹാർ പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാവങ്ങൾക്കുവേണ്ടിയുള്ള പോരാട്ടമാണ് ഇടതുപാർടികളെ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ വിജയത്തിൽ എത്തിച്ചതെന്ന് സിപിഐ എംഎൽ സംസ്ഥാന സെക്രട്ടറി കുനാൽ പറഞ്ഞു. പന്ത്രണ്ട് എംഎൽഎമാരെ വിജയിപ്പിക്കാൻ പാർടിക്ക് കഴിഞ്ഞു. ഇടതുപക്ഷ നിലപാടാണ് മഹാസഖ്യത്തിന്റെ പിറവിക്കു പിന്നിൽ. ബിജെപിക്കും നിതീഷിനുമെതിരെ വൻ ജനവികാരമാണുള്ളത്. മത്സരിക്കുന്ന അഞ്ച് സീറ്റിലും ഇടതുപക്ഷം വിജയിക്കും- -കുനാൽ പറഞ്ഞു.