ഇടതുപക്ഷം കൂടുതൽ ഊർജത്തോടെ തിരിച്ചുവരും: മന്ത്രി പി രാജീവ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം ഉൾക്കൊണ്ട് കൂടുതൽ ഊർജത്തോടെ ഇടതുപക്ഷം തിരികെ വരുമെന്ന് മന്ത്രി പി രാജീവ്. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 70 ശതമാനം ജനങ്ങളും മോദി അധികാരത്തിലെത്തരുതെന്ന് ആഗ്രഹിച്ച് വോട്ട് ചെയ്‌തവരാണ്. അതിന്റെ നേട്ടമാണ് കോൺഗ്രസിനുണ്ടായത്.

രാജ്യത്ത് കർഷക സമരം നടന്ന മേഖലകളിൽ 38 സീറ്റാണ് ബിജെപിക്ക് നഷ്ടമായത്. ഇടതുപക്ഷമാണ് സമരങ്ങൾക്ക് നേതൃത്വം നൽകിയത്. ഇലക്ടറൽ ബോണ്ട് പുറത്തുകൊണ്ടുരാൻ നിയമനടപടി സ്വീകരിച്ചത് സിപിഐ എമ്മാണ്. ദക്ഷിണേന്ത്യയിലേക്ക് ബിജെപിക്ക് കയറാൻ കഴിയുന്നുവെന്നത് മനസ്സിലാക്കി ഇടപെടാൻ കഴിയണം.

പരാജയമുണ്ടായാൽ തിരുത്തി മുന്നോട്ട് വരാൻ ഇടതുപക്ഷത്തിനാകും. എന്നാൽ, യുഡിഎഫ് അങ്ങനെയല്ല. മാധ്യമങ്ങളുടെ പരിലാളന യുഡിഎഫിന് വേണ്ടുവോളമുണ്ട്. എൽഡിഎഫ് പറയുന്ന കാര്യം ജനങ്ങളിലേക്ക് ശരിയായ രീതിയിൽ എത്താതിരിക്കുന്നുണ്ടോയെന്നും പ്രചാരണ രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്നും പരിശോധിക്കും. യുഡിഎഫ് എംപിമാർ സമീപനം മാറ്റി കേരളത്തിനുവേണ്ടി ശബ്ദിക്കണമെന്നും മന്ത്രി പറഞ്ഞു.

