KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴയിലും ലീഗ് പതാകയ്ക്ക് വിലക്ക്

ആലപ്പുഴ: വയനാടിന് പിന്നാലെ ആലപ്പുഴയിലും മുസ്‌ലിം ലീഗിന്റെ പച്ചപ്പതാകയ്‌ക്ക്‌ കോൺഗ്രസ്‌ വിലക്ക്‌. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മത്സരിക്കുന്ന ആലപ്പുഴയിൽ പ്രചാരണത്തിന്‌ ലീഗ്‌ പതാക ഉപയോഗിക്കുന്നത്‌ ദേശീയതലത്തിൽ ദോഷം ചെയ്യുമെന്ന്‌ ഭയന്നാണ്‌ പതാക ഉയർത്തരുതെന്ന്‌ കോൺഗ്രസ്‌ നേതൃത്വം കർശന നിർദേശം നൽകിയത്‌. 

പ്രധാന ഘടകകക്ഷിയായ ലീഗിനെ പതാക  പിടിക്കാൻ പോലും അനുവദിക്കാതെയാണ്  പത്രികാ സമർപ്പണത്തിന് പ്രകടനമായി നേതാക്കൾ എത്തിയത്. കോൺഗ്രസിന്റെയും മറ്റു ഘടകകക്ഷികളുടെയും പതാകകളുമായി പ്രവർത്തകർ ഇറങ്ങിയതോടെ ലീഗ്‌ പ്രവർത്തകരും  അവരുടെ രണ്ട്‌ കൊടി ഉയർത്തി. ലീഗിന്റെ പതാകയോട് കോൺഗ്രസ് നേതൃത്വം കാണിക്കുന്ന വിവേചനത്തിനെതിരെ പ്രവർത്തകർക്കും നേതാക്കൾക്കും ശക്തമായ പ്രതിഷേധമാണ്. ഇതേ തുടർന്ന്‌ വ്യാഴാഴ്ച രാവിലെ നടന്ന പ്രകടനത്തിൽനിന്ന്‌ ലീഗ് നേതാക്കൾ വിട്ടുനിന്നു.

 

പത്രിക സമർപ്പണത്തിൽ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കൂടിയായ ലീഗ് ജില്ലാ പ്രസിഡണ്ട് എം നസീർ പങ്കെടുത്തത്. പരസ്യമായി തള്ളിപ്പറഞ്ഞ്‌ രഹസ്യമായി തീവ്രവാദ സംഘടനകളുടെ വോട്ടുവാങ്ങാമെന്നും എന്നാൽ യുഡിഎഫ്‌ പ്രകടനത്തിൽ ലീഗ്‌ പതാക പോലും പാടില്ലെന്ന്‌ പറയുന്നതും അപമാനിക്കുന്നതിന് തുല്യമാണെന്ന്‌ ലീഗ്‌ പ്രവർത്തകർ പറയുന്നു.

Advertisements
Share news