എസ്‌ഡിപിഐ വിഷയത്തിൽ പ്രതിപക്ഷനേതാവും യുഡിഎഫും കേരളത്തെ കബളിപ്പിക്കുകയാണ്; എം വി ഗോവിന്ദൻ

പാലക്കാട്: എസ്‌ഡിപിഐ വിഷയത്തിൽ പ്രതിപക്ഷനേതാവും യുഡിഎഫും കേരളത്തെ കബളിപ്പിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷനേതാവും കെപിസിസി ആക്ടിങ് പ്രസിഡന്റും വാർത്താസമ്മേളനം നടത്തി എസ്‌ഡിപിഐയുമായി കൂട്ടില്ലെന്നു പറയുകയും അടുത്ത ശ്വാസത്തിൽ എല്ലാവരുടെയും വോട്ടുവേണമെന്ന് പറയുകയും ചെയ്യുന്നു. എസ്ഡിപിഐയുമായി മുമ്പുണ്ടാക്കിയ ധാരണ പ്രകാരമാണ് ഈ നാടകമെല്ലാം.

എസ്ഡിപിഐയുമായി സിപിഐ എം ചർച്ച നടത്തിയെന്ന് ചില മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നുണ്ട്. ഒരു ചർച്ചയും ആലോചനയും കൂടിക്കാഴ്ചയും നടത്തിയിട്ടില്ല. വ്യാജവാർത്ത നിർമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ എന്നും ഞങ്ങൾക്ക് കഴിയും. ആർഎസ്എസിന്റെയും വോട്ട് വേണ്ട. തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഒരിടത്തും എസ്‌ഡിപിഐ പിന്തുണയോടെ എൽഡിഎഫ് ഭരിക്കുന്നില്ല.

ചോദിക്കാതെ പിന്തുണ നൽകി എൽഡിഎഫ് വിജയിച്ച ഇടങ്ങളിൽ രാജിവച്ചു. എഐസിസി സെക്രട്ടറി കെ സി വേണുഗോപാൽ മത്സരിക്കുന്ന മണ്ഡലത്തിലും കോൺഗ്രസിന്റെയും ലീഗിന്റെയും കൊടി ഒഴിവാക്കുകയാണ്. കോൺഗ്രസ് മത്സരിക്കുന്ന എല്ലാ മണ്ഡലത്തിലും ഒരേനിലപാട് സ്വീകരിക്കേണ്ടേ. എന്തുകൊണ്ടാണ് കൊടി ഒഴിവാക്കുന്നതെന്ന് മിണ്ടുന്നില്ല.

2019ൽ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോൾ കോൺഗ്രസിന്റെ പതാകയ്‌ക്കൊപ്പം ലീഗിന്റെ പച്ചക്കൊടികണ്ട് പാക്കിസ്ഥാൻ പതാകയാണെന്ന് ഉത്തരേന്ത്യയിൽ ബിജെപി പ്രചരിപ്പിച്ചപ്പോൾ പ്രതിരോധിക്കാൻ കോൺഗ്രസിനായില്ല. അതുകൊണ്ട് ഇത്തവണ രണ്ടുകൊടിയും വേണ്ടെന്നുവെച്ചു. രാഹുൽഗാന്ധി മത്സരിക്കുന്നിടത്ത് കോൺഗ്രസിന്റെ കൊടി ഉയർത്താൻ ധൈര്യം കാണിക്കാത്തവരാണോ വർഗീയതയെയും ഫാസിസത്തെയും എതിർക്കാൻ പുറപ്പെടുന്നത്–-എം വി ഗോവിന്ദൻ ചോദിച്ചു.

