കോഴിക്കോട് നിയമ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആൺ സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് നിയമ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. കോഴിക്കോട് കോവൂർ സ്വദേശി അൽഫാനെയാണ് ചേവായൂർ പൊലിസ് അറസ്റ്റ് ചെയ്തത്. നിയമ വിദ്യാർത്ഥിനിയായിരുന്ന മൗസ മെഹ്റിസിന്റെ (20) ആത്മഹത്യയിലാണ് അറസ്റ്റ്. ഫെബ്രുവരി 24 നാണ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ മൗസയെ വെള്ളിമാടുകുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച ഇയാള്‍ വിവാഹിതനാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. കോവൂര്‍ സ്വദേശിയായ ഇയാളുമായി സൗഹൃദം ആരംഭിച്ച ശേഷം മറ്റുള്ളവരുമായുള്ള അടുപ്പം കുറച്ചതായി മൗസയുടെ സുഹൃത്ത് മൊഴി നല്‍കിയിരുന്നു. മൗസയുടെ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കടലാസ് കഷണത്തില്‍ എഴുതിവെച്ച മൂന്ന് ഫോണ്‍ നമ്പറുകള്‍ മാത്രമാണ് കണ്ടെത്താനായത്. മാതാപിതാക്കളുടെയും അമ്മാവന്റെയും നമ്പറുകളാണിത്.

മൗസ മരിച്ചതിന്റെ തലേന്നാള്‍ ആണ്‍സുഹൃത്തും മൗസയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇയാള്‍ ഫോണ്‍ എടുത്തു കൊണ്ടുപോകുകയായിരുന്നുവെന്നും സഹപാഠികള്‍ മൊഴി നല്‍കി. സുഹൃത്തിന്റെയും മൗസയുടെയും ഫോണുകള്‍ സ്വിച്ച്ഡ് ഓഫായ നിലയിലായിരുന്നു.

