KOYILANDY DIARY

The Perfect News Portal

ചാന്ദ്രയാൻ 3 വിക്ഷേപണത്തിന്‌ മുന്നോടിയായുള്ള ലോഞ്ച്‌ റിഹേഴ്‌സൽ പൂർത്തിയായി

തിരുവനന്തപുരം: ചാന്ദ്രയാൻ 3 വിക്ഷേപണത്തിന്‌ മുന്നോടിയായുള്ള ലോഞ്ച്‌ റിഹേഴ്‌സൽ പൂർത്തിയായി. കൗണ്ട്‌ ഡൗണിന്റെ തുടക്കം മുതൽ വിക്ഷേപണത്തിന്‌ തൊട്ടുമുമ്പുവരെയുള്ള തയ്യാറെടുപ്പുകളുടെയും പ്രവർത്തനങ്ങളുടെയും പരിശോധനയാണ്‌ ഇത്‌.  ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പേയ്സ്‌ സെന്ററിൽ നടന്ന പരിശോധന 24 മണിക്കൂർ നീണ്ടു.

 ഐഎസ്‌ആർഒയിലെ ശാസ്‌ത്രജ്ഞരുടെയും സാങ്കേതിക വിദഗ്‌ധരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടാം വിക്ഷേപണത്തറയിലെ ക്രമീകരണങ്ങൾ, കൺട്രോൾ റൂം, ട്രാക്കിങ്‌ സംവിധാനങ്ങൾ, ഉപഗ്രഹത്തിലെയും റോക്കറ്റിലെയും താപനില, സോഫ്‌റ്റ്‌വെയർ ക്ഷമത തുടങ്ങിയവയെല്ലാം സൂക്ഷ്‌മതലത്തിൽ പരിശോധിച്ചു. എൽവിഎം 3 വിക്ഷേപണ വാഹനവും ചാന്ദ്രയാൻ 3 പേടകവും സുസജ്ജമാണെന്ന്‌ അവർ വിലയിരുത്തി.

Advertisements

ബുധനാഴ്‌ച ശ്രീഹരിക്കോട്ടയിൽ  ഐഎസ്‌ആർഒ ചെയർമാൻ ഡോ. എസ്‌ സോമനാഥിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. വിഎസ്‌എസ്‌സി ഡയറക്ടർ ഡോ. എസ്‌ ഉണ്ണികൃഷ്‌ണൻ നായരടക്കമുള്ളവർ പങ്കെടുക്കും. സാങ്കേതികമായ കാര്യങ്ങൾ പരിശോധിച്ചശേഷം വിക്ഷേപണത്തിനുള്ള അനുമതി യോഗം നൽകും. ശ്രീഹരിക്കോട്ടയിലെ കാലാവസ്ഥ അനുകൂലമാണ്‌. വിക്ഷേപണ പാതയിൽ ബഹിരാകാശ മാലിന്യങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ സമയത്തിന്‌ ചിലപ്പോൾ മാറ്റമുണ്ടാകാം.

Advertisements

 13നു പുലർച്ചെ 2.35ന്‌ കൗണ്ട്‌ഡൗൺ ആരംഭിക്കാനാണ്‌ ഇപ്പോഴത്തെ തീരുമാനം. 14നു പകൽ 2.35നാണ്‌ വിക്ഷേപണം. വിക്ഷേപണത്തിന്റെ പതിനാറാം മിനിറ്റിൽ പേടകത്തെ ഭൂമിക്കു ചുറ്റുമുള്ള താൽക്കാലിക ഭ്രമണപഥത്തിലെത്തിക്കും. തുടർന്ന്‌ പേടകത്തിലെ ത്രസ്‌റ്ററുകൾ ജ്വലിപ്പിച്ച്‌ പഥം ഉയർത്തി ചന്ദ്രനിലേക്ക്‌ തൊടുത്തുവിടും. ആഗസ്ത്‌ 23നോ 24നോ പേടകം ചന്ദ്രനിലെ ദക്ഷിണധ്രുവത്തിൽ സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്യും.