KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്

 മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി. മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക. തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്.

 

ടു ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല. രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കേ രോഗം പകരാനിടയുള്ളൂ. രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്. അതേസമയം, സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം വീണ്ടും എത്തും. രോഗവാഹകർ എന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും.

 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം നടത്തുക. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റിവ് ആണ്. ഇന്ന് ഏഴ് പേരുടെ പരിശോധന ഫലം കൂടി പുറത്ത് വരും.

Advertisements

 

Share news