KOYILANDY DIARY

The Perfect News Portal

ബത്തേരിയിൽ കാട്ടാനയെ തുരത്താൻ കുങ്കിയാനകളെത്തി

വയനാട് സുൽത്താൻ ബത്തേരി ടൗണിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ ബത്തേരിയിൽ കുങ്കിയാനകളെ എത്തിച്ചു. മുത്തങ്ങ ആനപന്തിയിലെ സുരേന്ദ്രൻ, സൂര്യ എന്നീ കുങ്കിയാനകളെയാണ് ബത്തേരിയിൽ എത്തിച്ചത്. കാട്ടാന ജനവാസ മേഖലയിലെത്തിയാൽ തുരത്താൻ വേണ്ടിയാണ് കുങ്കിയാനകളെ കൊണ്ടുവന്നത്.

സുൽത്താൻ ബത്തേരി നഗരസഭയിലെ 4, 6, 9,10,15, 23, 24, 32, 34, 35 എന്നീ വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാനയിറങ്ങിയതിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്. ഇരുളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്ത് നിന്നാണ് കാട്ടാനയെത്തിയത്. ആനയെ വനപാലകരും നാട്ടുകാരും ചേർന്ന് കാട്ടിലേക്ക് തുരത്തി. പുലർച്ചെ 2 മണിയോടെയാണ് ആനയിറങ്ങിയത്.

റേഡിയോ കോളർ (കർണാടക അല്ലെങ്കിൽ തമിഴ്നാട് ) ഘടിപ്പിച്ചതാണ് കാട്ടാന. ടൗണിൽ മെയിൻ റോഡിലേക്ക് എത്തിയ കാട്ടാന നഗരസഭ ഓഫിസിന് സമീപമുള്ള ജയ പാർക്കിങ് ഗ്രൗണ്ടിലുമെത്തിയിരുന്നു. കല്ലൂർ ടൗണിലും ഇന്നലെ കാട്ടാനയെത്തിയിരുന്നു. ബത്തേരിയിൽ ഇറങ്ങിയത് ഡിസംബർ മാസം തമിഴ്നാട് ഗൂഡല്ലൂരിൽ നിന്ന് വനംവകുപ്പ് പിടികൂടി കാട്ടിലേക്ക് വിട്ട കാട്ടാനയാണ്.

Advertisements

ഗൂഡല്ലൂരിൽ രണ്ടാളുകളെ കൊന്ന കാട്ടാന 50 ലധികം വീടുകളും തകർത്തിരുന്നു. പാലക്കാട് പിടിയാനയെ പിടികൂടാൻ പോയ ദൗത്യ സംഘത്തിലെ 12 പേരെ വയനാട്ടിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബത്തേരിയിൽ എത്തുക.