KOYILANDY DIARY.COM

The Perfect News Portal

ലഹരി ഉപയോഗത്തിന്‌ കടിഞ്ഞാണിടാൻ കർമ പദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷൻ

കോഴിക്കോട്‌: നഗര-ഗ്രാമ മേഖലകളിലാകെ പിടിമുറുക്കുന്ന ലഹരി ഉപയോഗത്തിന്‌ കടിഞ്ഞാണിടാൻ കർമ പദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷൻ. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി ചികിത്സയും അവരെ അതിൽനിന്ന്‌ പിന്തിരിപ്പിക്കാൻ പിന്തുണയും നൽകി ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരികയാണ്‌  ലക്ഷ്യം. 
വിമുക്തി, കേരള പൊലീസ്‌, ജില്ലാ ഭരണകേന്ദ്രം എന്നിവയുടെ സഹകരണത്തിലാണ്‌ നടപ്പാക്കുക. 11ന്‌  ജില്ലാ ഉദ്‌ഘാടനം നടക്കും.സ്‌കൂൾ, റസിഡൻസ്‌ അസോസിയേഷൻ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള തുടർച്ചയായ ഇടപെടലിലൂടെ ലഹരി ഉപയോഗത്തിന്‌ തടയിടുന്നരീതിയിലാണ്‌ പ്രവർത്തനം. കുടുംബശ്രീയുടെ കോസ്‌റ്റൽ വളൻണ്ടിയർമാർ, കമ്യൂണിറ്റി കൗൺസലർമാർ, ട്രൈബൽ ആനിമേറ്റേഴ്‌സ്‌ എന്നിവർ ഉൾപ്പെടുന്ന റിസോഴ്‌സ്‌ പേഴ്‌സൺമാർക്ക്‌ ഇതിനായി പരിശീലനം നൽകും.
ഹോട്ട്‌ സ്‌പോട്ടുകളും ലഹരി ഉപയോഗമുള്ള കുടുംബങ്ങളെയും കുട്ടികളെയും കണ്ടെത്തിയശേഷം നിർമാർജനത്തിനുള്ള പ്രവർത്തനം നടത്തും. ഇതിനുള്ള ആദ്യഘട്ട പരിശീലനത്തിനാണ്‌ 11ന്‌ തുടക്കമാവുന്നത്‌. പ്രത്യേകം മൊഡ്യൂൾ തയ്യാറാക്കിയാണ്‌ പ്രവർത്തനം. ഓരോ വാർഡിലും ഒരു റിസോഴ്‌സ്‌ പേഴ്‌സണ്‌ ചുമതലയുണ്ടാവും. പ്രാദേശികമായ പിന്തുണയും ഉറപ്പാക്കും. ലഹരി ഉപയോഗ സാധ്യതയുള്ളവരെ കണ്ടെത്തിയാൽ കമ്യൂണിറ്റി കൗൺസലർമാർ അവരുമായി സംസാരിച്ച്‌ പ്രശ്‌നങ്ങൾ മനസ്സിലാക്കും. തുടർന്ന്‌  എക്‌സൈസ്‌ വകുപ്പിൻറെ  ‘വിമുക്തി’യിലേക്ക്‌ ചികിത്സ‌ക്കായി റഫർ ചെയ്യും. 
 കുട്ടികൾക്ക്‌ അവരുടെ സാഹചര്യം പരിഗണിച്ച്‌ പ്രത്യേക ശ്രദ്ധയും പരിഗണനയും നൽകും.  ലഹരി ഉപയോഗത്തിലൂടെ മോശം സാഹചര്യത്തിലെത്തിയ കുടുംബങ്ങൾക്ക്‌ കുടുംബശ്രീയുടെ ‘ബോധന’ വഴി ജീവിതോപാധി കണ്ടെത്താനുള്ള പിന്തുണയും നൽകും. ആവശ്യമെങ്കിൽ പൊലീസ്‌ സഹായവും തേടും. പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി ജില്ലാതല സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌. ഓരോ ഘട്ടത്തിലും അവലോകനം നടത്തും. 11ന്‌ ജെൻഡർ പാർക്കിൽ നടക്കുന്ന പരിപാടി കലക്ടർ എ ഗീത ഉദ്‌ഘാടനം ചെയ്യും. റിസോഴ്‌സ്‌ പേഴ്‌സൺമാർക്ക്‌ രണ്ട്‌ ഘട്ടമായാണ്‌ പരിശീലനം.

 

Share news