KOYILANDY DIARY.COM

The Perfect News Portal

രുചിഭേദങ്ങളുടെ കോഴിക്കോടൻ പെരുമയുമായി കുടുംബശ്രീ പാചക മത്സരം

കോഴിക്കോട്: രുചിഭേദങ്ങളുടെ കോഴിക്കോടൻ പെരുമയുമായി കുടുംബശ്രീ പാചക മത്സരം. ജില്ലാമിഷൻ സംഘടിപ്പിച്ച ‘കോഴിക്കോടൻ രുചിക്കൂട്ട്’ പാചകമത്സരത്തിലാണ്‌ വനിതാ സംരംഭകർ കൊതിയൂറും വിഭവങ്ങളൊരുക്കിയത്‌.  കേരളീയം 2023ൻറെ പ്രചാരണാർത്ഥമാണ്‌  കുടുംബശ്രീ കാറ്ററിങ്‌ യൂണിറ്റുകളെയും ഹോട്ടൽ യൂണിറ്റുകളെയും പങ്കെടുപ്പിച്ച് മത്സരം സംഘടിപ്പിച്ചത്. രണ്ട് മണിക്കൂറിനുള്ളിൽ മില്ലറ്റ് ഹൽവ ഉൾപ്പെടെ  മൂന്ന് വിഭവങ്ങൾ ഉണ്ടാക്കുകയെന്നതായിരുന്നു നിബന്ധന.
ഒമ്പത് യൂണിറ്റുകളിൽനിന്നായി പതിനെട്ട് പേരാണ് മത്സരിച്ചത്‌. സി എം ഷൈജ, എം എം രജനി, കെ കെ  മഞ്ജു എന്നിവരുടെ നേതൃത്വത്തിലുള്ള മണിയൂർ പഞ്ചായത്തിലെ രുചിക്കൂട്ട് കാറ്ററിങ്‌  യൂണിറ്റ് ഒന്നാം സ്ഥാനം നേടി. കോഴിക്കോട് സെൻട്രൽ സിഡിഎസിന്‌ കീഴിലെ തനിമ കാറ്ററിങ്‌  യൂണിറ്റിനാണ് രണ്ടാം സ്ഥാനം. വി പി മൈമൂന, ടി എം ഷാഹിദ എന്നിവരായിരുന്നു അംഗങ്ങൾ.  
ഉദ്ഘാടനവും സമ്മാനവിതരണവും മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് മുഖ്യാതിഥിയായി. ജില്ലാമിഷൻ കോ -ഓർഡിനേറ്റർ ആർ സിന്ധു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എൻ സി സിന്ധു, ജില്ലാ പ്രോഗ്രാം മാനേജർ എ നീതു എന്നിവർ സംസാരിച്ചു. ജില്ലാ പ്രോഗ്രാം മാനേജർമാരായ എൻ കെ ശ്രീഹരി സ്വാഗതവും ടി ടി ബിജേഷ് നന്ദിയും പറഞ്ഞു.

 

Share news