KOYILANDY DIARY

The Perfect News Portal

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ഉടന്‍ പുനരാരംഭിക്കും; കെ ബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ഉടന്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സഹകരണ ബാങ്കുകളുമായി കെഎസ്ആര്‍ടിസി കരാര്‍ ഉണ്ടാക്കിയെന്നും പന്ത്രണ്ട് മാസത്തേക്ക് പെന്‍ഷന്‍ മുടങ്ങില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ശമ്പള വിതരണ പ്രതിസന്ധിയില്‍ നിര്‍ണായക നീക്കത്തിലേക്കാണ് ഗതാഗത വകുപ്പ് കടന്നിരിക്കുന്നത്. പെന്‍ഷന്‍ കിട്ടുന്ന കാര്യത്തില്‍ ഇനി ആശങ്ക വേണ്ട. അടുത്ത പന്ത്രണ്ട് മാസത്തേക്ക് പെന്‍ഷന്‍ മുടങ്ങാതെ കിട്ടും. അതിനായി സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യവുമായി എഗ്രിമെന്റ് ഒപ്പിട്ടുകഴിഞ്ഞു.

ജീവനക്കാര്‍ക്ക് ശമ്പളം ഒറ്റഘട്ടമായി നല്‍കാനുള്ള ശ്രമം തുടരുന്നുണ്ട്. തനിക്ക് തൊഴിലാളി യൂണിയനുകളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് മുന്നില്‍ ചില പ്രപ്പോസലുകള്‍ വച്ചിട്ടുണ്ട്. ചിലതെല്ലാം അദ്ദേഹം അംഗീകരിച്ചിട്ടുമുണ്ട്. ജീവനക്കാരെ കൂടി മുഖവിലയ്‌ക്കെടുത്താല്‍ മാത്രമേ കെഎസ്ആര്‍ടിസിയെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ എന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.