KOYILANDY DIARY

The Perfect News Portal

കെഎസ്‌ആർടിസി സ്വിഫ്‌‌റ്റ്‌ ബസിൽ പണം ഈടാക്കി ടിക്കറ്റ്‌ നൽകാതിരുന്ന കണ്ടക്‌ടറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്‌ആർടിസി സ്വിഫ്‌‌റ്റ്‌ ബസിൽ പണം ഈടാക്കി ടിക്കറ്റ്‌ നൽകാതിരുന്ന കണ്ടക്‌ടറെ പിരിച്ചുവിട്ടു. കെഎസ്ആർടിസി വിജിലൻസ് വിഭാ​ഗം നടത്തിയ   പരിശോധനയിലാണ്‌ ക്രമക്കേട്‌ കണ്ടെത്തിയത്‌. ജൂൺ ഒന്നുമുതൽ 20വരെ സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിലായി 27,813 ബസിലാണ് വിജിലൻസ് വിഭാ​ഗം പരിശോധന നടത്തിയത്. ഇതിൽ ടിക്കറ്റ് സംബന്ധമായ 131  ക്രമക്കേട്‌ റിപ്പോർട്ട് ചെയ്‌തു.

13ന് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയിൽ കെഎസ്‌ 153 കണിയാപുരം– കിഴക്കേകോട്ട എന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്‌ത രണ്ട്‌ യാത്രക്കാരിൽനിന്ന്‌ പണം ഈടാക്കി ടിക്കറ്റ് നൽകാതെ പണാപഹരണം നടത്തിയ കണ്ടക്ടർ എസ് ബിജുവിനെയാണ്‌ വിജിലൻസ്‌ പിടികൂടിയത്‌. തുടർന്ന്‌ ഇയാളെ കെഎസ്ആർടിസി സ്വിഫ്റ്റിൽനിന്ന്‌ പിരിച്ചുവിടുകയും ഇയാൾക്കെതിരെ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കേസ് നൽകുകയും ചെയ്‌തു. കെഎസ്ആർടിസി ആലപ്പുഴ യൂണിറ്റിലെ കണ്ടക്ടർ പി ആർ ജോൺകുട്ടി, അടൂർ യൂണിറ്റിലെ കണ്ടക്ടർ കെ മോഹനൻ എന്നിവരെയും പണം ഈടാക്കി ടിക്കറ്റ് നൽകാത്തതിന് സസ്പെൻഡ് ചെയ്‌തു. കൂടാതെ, ഇതേ കാലയളവിൽ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണ റിപ്പോർട്ടിൻമേൽ 10 ജീവനക്കാരെക്കൂടി സസ്പെൻഡ് ചെയ്‌തു.

Advertisements

അകാരണമായി ആറ് സർവീസ്‌ റദ്ദാക്കിയ കോന്നി യൂണിറ്റിലെ ഇൻസ്പെക്ടർ വി ജി ബാബു, സ്റ്റേഷൻ മാസ്റ്റർ സി എ ​ഗോപാലകൃഷ്ണൻ നായർ, പണം ഈടാക്കി ടിക്കറ്റ് നൽകാതിരുന്ന തൃശൂർ യൂണിറ്റിലെ കണ്ടക്ടർ ബിജു തോമസ്, മേലാധികാരിയുടെ നിർദേശമില്ലാതെ സ്വന്തമായി സർവീസ് റദ്ദാക്കിയ പൂവാർ യൂണിറ്റിലെ കണ്ടക്ടർ ബി വി മനു, ഡ്രൈവർ എസ്‌ അനിൽകുമാർ, സ്റ്റേഷൻ പരിസരത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ഈരാറ്റുപേട്ട യൂണിറ്റിലെ ഡ്രൈവർ റെജി ജോസഫ്, മെഡിക്കൽ സർട്ടിഫിക്കറ്റിൽ കൃത്രിമം കാട്ടിയ ചങ്ങനാശേരി യൂണിറ്റിലെ ഡ്രൈവർ പി സൈജു അസിസ്റ്റന്റ്‌ ട്രാൻസ്പോർട്ട് ഓഫീസറോട് മോശമായി പെരുമാറി ഭീഷണപ്പെടുത്തിയ വൈക്കം യൂണിറ്റിലെ കണ്ടക്ടർ ബി മം​ഗൾ വിനോദ്, എടിഎം തകരാറിലായതിനാൽ സ്വയം സർവീസ് റദ്ദാക്കിയ പൊൻകുന്നം ഡിപ്പോയിലെ കണ്ടക്ടർ ജോമോൻ ജോസ്, ഏഴ് യാത്രക്കാർ മാത്രമുണ്ടായിരുന്ന ബസിൽ ഒരാളിൽനിന്ന്‌ പണം ഈടാക്കാതെയും ടിക്കറ്റ് നൽകാതെയും സൗജന്യയാത്ര അനുവദിച്ച ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടർ ഇ ജോമോൾ എന്നിവരെയാണ്‌ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തത്‌. ടിക്കറ്റെടുക്കാതെ യാത്രചെയ്‌ത 17 യാത്രക്കാരിൽനിന്ന്‌  500 രൂപ വീതം പിഴയിനത്തിൽ ആകെ 8500രൂപ  ഈടാക്കുകയും ചെയ്‌തു.

Advertisements