KOYILANDY DIARY

The Perfect News Portal

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി കിറ്റ്‌കോ തയ്യാറാക്കിയ 473 കോടി രൂപയുടെ നവീകരണ പദ്ധതിക്ക്‌ ചൊവ്വാഴ്‌ച തുടക്കമാവും. പകൽ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലെനിൽ തറക്കല്ലിടൽ നിർവഹിക്കും. പ്രവൃത്തി മൂന്നുവർഷത്തിനകം പൂർത്തിയാവുമെന്നാണ്‌ പ്രതീക്ഷ.
 നിലവിലെ അഞ്ച് ട്രാക്കുകൾക്ക് പുറമെ നാല്  ട്രാക്കുകൾകൂടി യാഥാർഥ്യമാക്കും. അഞ്ച് മീറ്റർ വീതിയിലുള്ള രണ്ട് നടപ്പാലങ്ങൾക്ക്‌ പകരം 12 മീറ്റർ വീതിയിലുള്ള ഇരിപ്പിടങ്ങളോടുകൂടിയ രണ്ട്  നടപ്പാലങ്ങൾ സ്റ്റേഷന്റെ തെക്ക് ഭാഗത്തും വടക്കു ഭാഗത്തും സ്ഥാപിക്കും. കിഴക്കേ ടെർമിനലിനെയും പടിഞ്ഞാറെ ടെർമിനലിനെയും ബന്ധിപ്പിച്ച് മധ്യത്തിൽ 48 മീറ്റർ വീതിയിലുള്ള കോൺകോഴ്‌സിൽ ബിസിനസ് ലോഞ്ച് അടക്കം സജ്ജീകരിക്കും. ഇരുഭാഗങ്ങളിലും മൾട്ടി ലെവൽ പാർക്കിങ് ഒരുക്കും. അവിടേക്ക്‌ നടപ്പാലങ്ങളിൽനിന്നും കോൺകോഴ്‌സിൽനിന്നും സ്‌കൈവാക്ക് സൗകര്യവും പ്രാവർത്തികമാവും.
Advertisements
 നിലവിലെ മുഴുവൻ റെയിൽവേ ക്വാർട്ടേഴ്‌സുകളും പൊളിച്ചുനീക്കി  നാല് ടവറുകളിലായി ബഹുനില ക്വാർട്ടേഴ്‌സ് പണിയും. വാണിജ്യ കേന്ദ്രങ്ങൾ, പാഴ്‌സൽ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക കേന്ദ്രം, ഗ്രൗണ്ട് പാർക്കിങ് തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസിസ് റോഡിൽ നിന്ന്‌ പടിഞ്ഞാറ് ഭാഗത്തേക്ക് നേരിട്ട് പ്രവേശനവും സാധ്യമാവുമെന്ന് എം കെ രാഘവൻ എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, മേയർ ബീന ഫിലിപ്പ്, എംപിമാരായ എം കെ രാഘവൻ, എളമരം കരീം, പി ടി ഉഷ തുടങ്ങിയവർ പങ്കെടുക്കും.