KOYILANDY DIARY

The Perfect News Portal

കോഴിക്കോട് മെഡിക്കൽ കോളേജിൽ പകർച്ചപ്പനി വാർഡ് തുറന്നു

കോഴിക്കോട്: മെഡിക്കൽ കോളേജിൽ പകർച്ചപ്പനി വാർഡ് തുറന്നു. പഴയ അത്യാഹിത വിഭാഗമാണ് പനിബാധിതർക്കായി മാറ്റിയത്‌. തിരക്കുമൂലം മെഡിസിൻ വാർഡുകൾക്ക് പുറത്ത് വരാന്തയിൽ പായവിരിച്ച് കിടന്ന രോഗികൾക്കാണ് ഇത് ഏറെ ആശ്വാസമായത്. ഞായറാഴ്ച മുതൽ ഇവിടെ രോഗികളെ പ്രവേശിപ്പിച്ചു. ഇരുപതോളം രോഗികളുണ്ട്. 
ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ, മസ്തിഷ്‌കജ്വരം, ന്യുമോണിയ, മറ്റ് വൈറൽ പനികൾ, മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ ബാധിച്ചവരാണ്‌ ഇപ്പോൾ കൂടുതലായും  ആശുപത്രിയിലെത്തുന്നത്. ആഴ്ചയിൽ ശരാശരി ഏഴുപതിലേറെ പേരാണ് പനിയുമായി എത്തുന്നത്. ശനി, ഞായർ ദിവസങ്ങളിൽ എത്തിയ രോഗികളെയാണ് പുതിയ വാർഡിൽ പ്രവേശിപ്പിച്ചത്.  കൂടാതെ മെഡിസിൻ വാർഡുകളിൽ വരാന്തയിലുള്ളവരെയും ഇവിടേക്ക് മാറ്റിത്തുടങ്ങിയതായി അധികൃതർ പറഞ്ഞു. 40 കിടക്കകളാണിവിടെയുള്ളത്. തിരക്ക് കൂടിയാൽ മുപ്പതാം വാർഡുകൂടി പനി വാർഡാക്കും.
Advertisements
മെഡിസിൻ വിഭാഗത്തിൽ ട്രാൻസിറ്റ് ഐസിയു അടക്കം മൂന്ന് ഐസിയു വന്നതോടെ 35 വെന്റിലേറ്റർ കിടക്കകളുടെ സൗകര്യമുണ്ട്‌.  മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായെത്തുന്നവരെ ട്രാൻസിറ്റ് ഐസിയുവിൽ ആദ്യം ഐസൊലേറ്റ് ചെയ്ത് കൂടുതൽ പരിശോധന നടത്തിയശേഷം മറ്റിടങ്ങളിലേക്ക്‌ മാറ്റുകയാണ് ചെയ്യുന്നത്. ഡെങ്കിപ്പനിയും  എലിപ്പനിയും എച്ച് വൺ എൻ വണ്ണുമാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് മെഡിസിൻ വിഭാഗം മേധാവി ഡോ. പി ജയേഷ്‌കുമാർ പറഞ്ഞു. 
 
പനി ക്ലിനിക്‌‌ പ്രവർത്തിക്കുന്ന  ഒപിയിൽ തിങ്കളാഴ്ച പനി ബാധിച്ചെത്തിയ 16 പേരാണ് ചികിത്സതേടിയത്. ഇതിൽ ആറ് പേർക്ക്‌ ഡെങ്കിപ്പനിയാണ്. പനിബാധിതരായ 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.