KOYILANDY DIARY

The Perfect News Portal

കോഴിക്കോട്‌ കലോത്സവം ശുചിത്വ മാതൃക. കലോത്സവപ്പിറ്റേന്ന് നഗരം ശുചിത്വ സുന്ദരം

കോഴിക്കോട്‌ കലോത്സവം ശുചിത്വ മാതൃക. കലോത്സവപ്പിറ്റേന്ന് നഗരം ശുചിത്വ സുന്ദരം. കോഴിക്കോട്‌: ലക്ഷങ്ങൾ ഒഴുകിയെത്തിയ കലോത്സവം സൃഷ്ടിക്കുമായിരുന്ന മാലിന്യക്കൂമ്പാരത്തെ ചെറുതാക്കിയും കൃത്യസമയത്ത്‌ ശാസ്‌ത്രീയമായി സംസ്‌കരിച്ചും കോഴിക്കോട്‌ കലോത്സവം ശുചിത്വമാതൃകയായി.
ഞായറാഴ്‌ച പുലർച്ചെ ആറുമുതൽ കോർപ്പറേഷനിലെ  ഹരിതകർമസേനയും ശുചീകരണത്തൊഴിലാളികളും, സ്‌കൂൾ പി. ടി. എ. കളും, സന്നദ്ധ സംഘടനകളും, സംഘാടക സമിതിയും ചേർന്ന് കടപ്പുറവും  കലോത്സവവേദികളും ഊട്ടുപുര പ്രവർത്തിച്ച ക്രിസ്‌ത്യൻ കോളേജ്‌ പരിസരവുമുൾപ്പെടെ എല്ലായിടവും ശുചീകരിച്ചു. ബീച്ചിൽ തട്ടുകട തൊഴിലാളികളും സൗത്ത്‌ ബീച്ചിൽ ഹോട്ടൽ ആൻഡ്‌ റസ്‌റ്റോറൻ്റ്സ്‌ അസോസിയേഷനും ശുചീകരണ ദൗത്യത്തിൽ പങ്കാളികളായി.
കലോത്സവവേദികളിൽ മാലിന്യം കുറയ്‌ക്കാൻ സംഘാടകസമിതിയും ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയും ഉണ്ടാക്കിയ ക്രമീകരണങ്ങളാണ്‌ ശുചിത്വം ഉറപ്പാക്കാൻ സഹായിച്ചത്. പ്ലാസ്‌റ്റിക്‌ കുപ്പികളും പാക്ക്‌ ചെയ്‌ത ഭക്ഷ്യവസ്‌തുക്കളും വേദികളിൽ നിരോധിച്ചിരുന്നു. വേദികൾക്കുള്ളിൽ ഭക്ഷ്യസ്‌റ്റാളുകളും അനുവദിച്ചിരുന്നില്ല.
Advertisements
കുടിവെള്ളം നൽകുന്നതിന്‌ വേദിയിൽ പലയിടത്തായി വലിയ മൺകൂജകൾ ഒരുക്കി. കോർപ്പറേഷൻ ഹരിത കർമസേനയും ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയും ചേർന്ന്‌ വേദികൾ കൃത്യമായ ഇടവേളകളിൽ ശുചീകരിക്കാനും സംവിധാനം ഉണ്ടാക്കിയിരുന്നു. അതിനായി ശുചീകരണതൊഴിലാളികൾ ഉൾപ്പെടെ 600 പേരെ കലോത്സവ ദിവസങ്ങളിൽ നിയോഗിച്ചിരുന്നു. സമാപനസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്‌ ശുചീകരണത്തൊഴിലാളികളെ പ്രത്യേകം അഭിനന്ദിച്ചു.