KOYILANDY DIARY

The Perfect News Portal

ഭീതിവിതച്ച കാട്ടുകൊമ്പനെ മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ പൂട്ടി

സുല്‍ത്താന്‍ബത്തേരി: ദിവസങ്ങളായി നാട്ടിലിറങ്ങി ഭീതിവിതച്ച ആനയെ ഒടുവില്‍ വനപാലകര്‍ പൂട്ടി. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍  ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പ്രത്യേക ദൗത്യസംഘം മയക്കുവെടിവെച്ചത്.

ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് വനംവകുപ്പ് ആനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. മയക്കുവെടിവെച്ച് കുങ്കിയാനപ്പടയുമായി പിടികൂടാനെത്തിയ വനപാലകര്‍ക്ക് മുന്നില്‍ മറ്റൊരു കാട്ടുകൊമ്പന്‍ കൂടി എത്തിയതോടെ ശ്രമം പരാജയപ്പെട്ട് പിന്‍മാറേണ്ടി വന്നിരുന്നു. വിരണ്ടോടിയും ആക്രമണ ഭീഷണിയുയര്‍ത്തിയും ഈ കാട്ടാനകള്‍ പിടികൊടുക്കാതെ വനപാലകരെ ഞായറാഴ്ച ഒരു പകല്‍ മുഴുവന്‍ വനത്തിലൂടെ ചുറ്റിച്ചു.

തിങ്കളാഴ്ച രാവിലെ ആര്‍. ആര്‍. ടി റെയ്ഞ്ച് ഓഫീസിന് പിന്‍വശത്തുള്ള വനമേഖലയില്‍വെച്ചാണ് ആനയെ മയക്കുവെടിവെച്ചത്. മയക്കുവെടിവെച്ച് അര മണിക്കൂറാകും ആന മയങ്ങാനെന്നും പിന്നീട് വാഹനത്തില്‍ കയറ്റി മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് കൊണ്ടുപോകുമെന്നുമാണ് വനപാലകര്‍  അറിയിച്ചിരിക്കുന്നത്. ജെസിബി ഉപയോഗിച്ച് പാതയൊരുക്കിയാണ് ആനയെ കയറ്റാനുള്ള വാഹനം വനപ്രദേശത്തേക്ക് പോകുന്നത്. ആനയെ മയക്കുവെടി വെച്ച് പിടികൂടാനായി പ്രവർത്തിച്ച ദൗത്യസംഘത്തെ വനം വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രൻ പ്രത്യേകം അഭിനന്ദിച്ചു.

Advertisements