KOYILANDY DIARY

The Perfect News Portal

സൂപ്പർ കപ്പ് കോഴിക്കോടിന് ആവേശമായി

കോഴിക്കോട്‌:  സൂപ്പർ കപ്പ്‌ ഫുട്‌ബോൾ പോരാട്ടത്തിന്റെ സ്വപ്‌നാരവം ഉയർന്നപ്പോൾ ഉരുകുന്ന ചൂടിലും കോഴിക്കോടിന്റെ മനംകുളിർത്തു. ഒരുമാസത്തെ ഒരുക്കങ്ങൾക്കൊടുവിൽ ഇ എം എസ്‌ സ്‌റ്റേഡിയത്തിൻ്റെ കളിമുറ്റത്ത്‌ പന്തുരുണ്ടപ്പോൾ ആദ്യനാൾ തന്നെ സമീപകാലത്ത്‌ കാണാത്തത്ര കാണികൾ സ്‌റ്റേഡിയത്തിലേക്ക്‌ ഒഴുകി. 11,562 പേർ ശനിയാഴ്‌ച സൂപ്പർ വിരുന്ന്‌ ആഘോഷിക്കാൻ എത്തി.
ദേശീയ ഫുട്‌ബോളിലെ കരുത്തന്മാരായ പി കെ ബാനർജി ഉൾപ്പെടെ പന്തുതട്ടിയ മൈതാനം, നെഹ്‌റുകപ്പ്‌ രാജ്യാന്തര കപ്പിന്‌ വേദിയായ കളിമുറ്റം, ഇതാ മറ്റൊരു മുന്നേറ്റത്തിന്‌ കൂടി സാക്ഷിയാകുന്നു. ഗ്യാലറിയിൽ മുഴങ്ങിയ ആരവത്തിൽ കളിക്കളം പഴയ പ്രതാപം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ്‌ ഫുട്‌ബോൾ ആരാധകരും കായിക പ്രേമികളും.
രാജ്യത്തെ പ്രമുഖ ക്ലബ്ബുകൾ അണിനിരക്കുന്ന മത്സരം ഇനി ഏഴുനാൾ കൂടിയുണ്ട്‌. 16നാണ്‌ ആരാധകർ കാത്തിരിക്കുന്ന എ ഗ്രൂപ്പിലെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌–-ബംഗളൂരു എഫ്‌സി പോരാട്ടം. ഐഎസ്‌എല്ലിൽ ബംഗളൂരു–- ബ്ലാസ്‌റ്റേഴ്‌സ്‌ മത്സരം വിവാദമായിരുന്നു.
Advertisements
സുനിൽ ഛേത്രിയുടെ ഫ്രീകിക്ക്‌ ഗോൾ അനുവദിച്ചതിനെത്തുടർന്ന്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലകൻ വുകോമനോവിച്ച്‌ കളിക്കാരോട്‌ മൈതാനംവിടാൻ ആവശ്യപ്പെട്ടു. തുടർന്ന്‌ ബംഗളൂരുവിനെ വിജയിയായി പ്രഖ്യാപിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്‌ നാലുകോടി പിഴ വിധിച്ചു. കോച്ചിന്‌ 10 കളിയിൽ വിലക്കും. കോച്ചും ക്ലബ്ബും പരസ്യമായി മാപ്പ്‌ പറയേണ്ടിയുംവന്നു. ഇതിനുശേഷമുള്ള ഇരു ടീമുകളുടെയും ആദ്യ മുഖാമുഖമായതിനാൽ 16ന്‌ കളത്തിൽ വീറും വാശിയും നിറയും.
മലയാളികളുടെ പ്രിയ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ബംഗളൂരു എഫ്‌സി, റൗണ്ട്‌ ഗ്ലാസ്‌ പഞ്ചാബ്‌, ശ്രീനിധി ഡെക്കാൻ (എ ഗ്രൂപ്പ്‌), എ ടി കെ മോഹൻ ബഗാൻ, എഫ്‌സി ഗോവ,  ജാംഷഡ്‌പൂർ എഫ്‌സി, ഗോകുലം കേരള എഫ്‌സി (സി ഗ്രൂപ്പ്‌) എന്നീ ടീമുകളാണ്‌ ഗ്രൂപ്പ്‌ മത്സരത്തിൽ കോഴിക്കോട്ട്‌ പന്തുതട്ടുന്നത്‌.
ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ മത്സരം. എ, സി ഗ്രൂപ്പുമത്സരങ്ങളും ഒരു സെമി ഫൈനലും ഫൈനലുമടക്കം ഇനി 12 മത്സരങ്ങളാണ്‌ കോഴിക്കോട്ട്‌. നാഗ്‌ജി ട്രോഫി ടൂർണമെന്റുകളും സിസേഴ്‌സ്‌ കപ്പും നായനാർ കപ്പും കണ്ട കോഴിക്കോട്ടുകാർ ഉത്സവാഘോഷത്തോടെയാണ്‌ സൂപ്പർകപ്പിനെയും കാത്തിരുന്നത്‌. കളിയുടെ ആദ്യനാൾ കാണികളെയും നിരാശരാക്കിയില്ല. ഫെഡറേഷൻകപ്പിനു പകരം 2018ൽ ആരംഭിച്ച സൂപ്പർകപ്പിന്റെ മൂന്നാം പതിപ്പാണിത്‌.