KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ജില്ലാ “മാത്‌സ് ടാലൻ്റ് എക്സാം” ഫെബ്രുവരി 4ന് തിരുവങ്ങൂരിൽ

കൊയിലാണ്ടി: ന്യൂറോനെറ്റ് എജ്യു സൊല്യൂഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലാ “മാത്‌സ് ടാലന്റ് എക്സാം” ഫെബ്രുവരി നാലാം തീയ്യതി തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ മത്സര പരീക്ഷയ്ക്ക് പ്രാപ്തരാക്കുകയാണ് ന്യൂറോ നെറ്റ് എജ്യു സൊല്യൂഷന്റെ ലക്ഷ്യം. അതിനോടൊപ്പം തന്നെ കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയും ഒരുക്കും.
കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഇതോടപ്പം നടക്കും. ഫെബ്രുവരി നാലാം തിയ്യതി രാവിലെ 8:30 ന് രജിസ്ട്രേഷൻ ആരംഭിക്കും. അഞ്ചു കാറ്റഗറികളിലായി നടക്കുന്ന പരീക്ഷ രാവിലെ 10 മണി മുതൽ ഉച്ച 12 മണി വരെ തുടരും. ഉച്ച ഭക്ഷണത്തിനുശേഷം 2 മണി മുതൽ വൈകുന്നേരം 4 വരെ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
4 മണിയോടെ ആരംഭിക്കുന്ന സമ്മാനദാന ചടങ്ങിൽ രാഷ്ട്രീയ, സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങൾ അണിനിരക്കും. 
പരീക്ഷയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റും മെഡലുകളും, അഞ്ചു കാറ്റഗറികളിലായി റാങ്ക് ജേതാക്കൾക്ക് ട്രോഫിയും നല്കും. അതോടൊപ്പം തന്നെ ജില്ല മത്സരത്തിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിൽ 250 ഓളം കുട്ടികളെ (എറണാകുളം വെച്ച് നടക്കുന്ന) സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. കൂടാതെ ന്യൂറോനെറ്റ് അബാക്കസ് പഠിക്കുവാൻ വേദിയൊരുക്കിയ സ്‌കൂളിനെയും വേദിയിൽ വെച്ച് ആദരിക്കും.
സമാനമായ രീതിയിൽ ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലാ അബാക്കസ് ചാമ്പ്യന്‍ഷിപ്പ് പരീക്ഷ നവംബറിൽ തലശ്ശേരി ബ്രണ്ണന്‍ ഹയര്‍ സെക്കന്റെറി സ്‌കൂളില്‍ വെച്ച് നടന്നതായി ഭാരവാഹികൾ അറിയിച്ചു. പത്ര സമ്മേളനത്തിൽ ന്യൂറോനെറ്റ് അഡ്മിനിസ്ടേഷൻ മേധാവി പ്രജിത്ത് പി.വി, പരീക്ഷ കൺവീനർ സിന്ധു മനോജ്, പരീക്ഷ കോർഡിനേറ്റർ ബിന്ദു വത്സരാജ്, മാർക്കറ്റിംഗ് മാനേജർ റയ്ഹാനത്ത് നാഷാദ്, കോഴിക്കോട് ജില്ലാ കോർഡിനേറ്ററായ സുബീന  പ്രൊജക്ട് മാനേജറായ നിധിന എന്നിവർ സംസാരിച്ചു.