KOYILANDY DIARY

The Perfect News Portal

പ്രദർശനം അവസാനിപ്പിച്ച് കോഴിക്കോട് അപ്സര തിയേറ്റർ

പ്രദർശനം അവസാനിപ്പിച്ച് കോഴിക്കോട് അപ്സര തിയേറ്റർ. കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട തിരശ്ശീലയിൽനിന്ന്‌ കാഴ്‌ചകൾ മാഞ്ഞുപോയിരിക്കുന്നു. 52 വർഷത്തെ ‘ആഭിജാത്യ’മുള്ള സിനിമായാത്രയാണ്‌ തിങ്കളാഴ്‌ച കോഴിക്കോട്‌ ലിങ്ക്‌റോഡിൽ തലയെടുപ്പോടെ നിലനിന്ന അപ്‌സര അവസാനിപ്പിച്ചത്‌. സിനിമയെന്ന കലയുടെ കുതിപ്പിനും കിതപ്പിനും സാക്ഷിയായാണ്‌ അപ്‌സര ഓർമകളിലേക്ക്‌ മറയുന്നത്‌.
 മലബാറിലെ ഏറ്റവും വലിയ സിനിമാശാലയായിരുന്ന അപ്‌സരയിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച മെഗാഹിറ്റുകൾ ഏറെ. മലയാളികളുടെ പ്രിയതാരങ്ങളായിരുന്ന പ്രേം നസീറും ശാരദയും ചേർന്നാണ്‌ 1971ന്‌ ആഗസ്‌ത്‌ എട്ടിന്‌ അപ്‌സര ഉദ്‌ഘാടനം ചെയ്‌തത്‌. തൊമ്മൻ ജോസഫ്‌ കൊച്ചുപുരയ്‌ക്കലെന്ന തോമസുകുട്ടിയായിരുന്നു സ്ഥാപകൻ. 97 സെന്റിലെ കെട്ടിടം കോഴിക്കോട്‌ നഗരത്തിന്റെ പൈതൃകമുദ്രകളിലൊന്നായിരുന്നു. എ വിൻസെന്റ്‌ സംവിധാനം ചെയ്‌ത ‘ആഭിജാത്യ’മാണ്‌  ആദ്യ സിനിമ.
Advertisements
കേരളത്തിലെ എയർകണ്ടീഷൻ 70 എംഎം തിയറ്റർ പിന്നീട്‌ ഇങ്ങോട്ട്‌ എന്നും നിറഞ്ഞുകവിഞ്ഞു. ആയിരത്തിലധികം സീറ്റുകളുള്ള തിയറ്റർ സിനിമയുടെ പരിണാമങ്ങളിലെല്ലാം കുലുങ്ങാതെ നിന്നു. അന്ന ബെന്നും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളായ ‘ത്രിശങ്കു’വാണ്‌ അവസാന ചിത്രം. ഈ വർഷം തിയറ്ററിന്റെ ലൈസൻസ്‌ പുതുക്കിയിരുന്നില്ല. സിനിമകൾ മാളുകളിലെ കുഞ്ഞിടങ്ങളിലേക്ക്‌ മാറുമ്പോഴും പലതലമുറകളുടെ ഓർമകളിൽ അപ്‌സര തലയെടുപ്പോടെ നിലകൊള്ളും.