കോഴിക്കോട് വിമാനത്താവളം വികസനം: 436 ഏക്കർ ഭൂമി ഏറ്റെടുക്കാൻ മാസ്റ്റർ പ്ലാൻ

തിരുവനന്തപുരം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി 2047ഓടെ 436 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ ലഭ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. യാത്രാക്കാരുടെ സുരക്ഷിതത്വം, സൗകര്യം, മെച്ചപ്പെട്ട യാത്രാ അനുഭവം എന്നിവ ഉറപ്പു വരുത്താൻ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കാൻ ആഗമന കവാടത്തിലും വെസ്റ്റിബ്യൂൾസ് ക്രമീകരിച്ചിട്ടുണ്ട്. 24 അധിക ചെക്കിങ് കൗണ്ടർ, പുതിയ ഡൊമസ്റ്റിക്ക് സെക്യൂരിറ്റി ഹോൾഡ് ഏരിയ എന്നിവയും സ്ഥാപിച്ചു. കൂടാതെ 32 എമിഗ്രേഷൻ കൗണ്ടറുകൾ, ഇൻ്റർനാഷണൽ അറൈവലിനായി കൂടുതൽ എസ്കലേറ്റർ നിർമാണം, ഡൊമസ്റ്റിക്ക് അറൈവലുകളിൽ കൂടുതൽ ലെഗേജ് ബെൽറ്റുകൾ എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനായി 12.54 ഏക്കർ ഭൂമി ഏറ്റെടുത്ത് 2023 ഒക്ടോബറിൽ എയർപോർട്ട് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇതിനുപുറമെ, റൺവേ ലീഡ് ഇൻ ലൈറ്റും സോളാർ പവേർഡ് ഹസാർഡ് ലൈറ്റും സ്ഥാപിക്കാനായി പള്ളിക്കൽ, ചേലേമ്പ്ര വില്ലേജുകളിൽ നിന്നും കണ്ണമംഗലം വില്ലേജിൽ നിന്നും 11.5ആർ ഭൂമി ഏറ്റെടുക്കുന്നതിനും ഉത്തരവായി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകൾക്ക് ചില ആശങ്കകളുണ്ട്. ഇക്കാര്യംകൂടി പരിഗണിച്ചാകും സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുക.

