KOYILANDY DIARY

The Perfect News Portal

കേരഗ്രാമം പദ്ധതി ലക്ഷ്യത്തിലേക്ക്. ഉദ്ഘാടന സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി നഗരസഭ കൃഷിഭവൻ്റെ കേരഗ്രാമം പദ്ധതി ലക്ഷ്യത്തിലേക്ക്. ഉദ്ഘാടനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. നഗരസഭയിലെ 18 മുതൽ 25 വരെയുള്ള 8 വാർഡുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതിയാണ്  ‘കേരഗ്രാമം പദ്ധതി’. കേടായതും കായ്ഫലം ഇല്ലാത്തതുമായ തെങ്ങ് മുറിച്ച് മാറ്റൽ, തടം തുറന്ന് ജൈവവള പ്രയോഗം, കാർഷികാവശ്യത്തിന് പമ്പ് സെറ്റ് വിതരണം, തെങ്ങ് കയറ്റുയന്ത്രം, ഇടവിള കൃഷി പ്രോത്സാഹനം തുടങ്ങിയ മേഖലകളിലാണ് ഈ പദ്ധതി പ്രധാനമായും ശ്രദ്ധ പതിപ്പിച്ചത്.
ആദ്യഘട്ടമെന്ന നിലയിൽ, തെങ്ങ് മുറിച്ചു മാറ്റൽ പൂർത്തിയായി. പമ്പ് സെറ്റ്/ തെങ്ങ് കയറ്റുയന്ത്രം ആവശ്യമുള്ളവരുടെ വിവരങ്ങൾ സമർപ്പിച്ചു കഴിഞ്ഞു. ഗുണഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ഇതിന്റെ ആനുകൂല്യം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ കൃഷി ഓഫീസർ വിദ്യ, പി, അസി. കൃഷി ഓഫീസർ ജിജിൻ, മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.
കാർഷികമേഖലക്ക് കൂടുതൽ ശ്രദ്ധയും പരിരക്ഷയും ഈ പദ്ധതി പ്രകാരം ഉറപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 100 ഹെക്ടർ സ്ഥലത്തു 17500 തെങ്ങുകൾക്കാണ് തടം തുറന്നു വളമിടുന്നതിനുള്ള ആനുകൂല്യമായി 612500/- രൂപയും, രോഗം ബാധിച്ചതും പ്രായാധിക്യമുള്ളതും ഉത്പാദനക്ഷമത കുറഞ്ഞതുമായ തെങ്ങുകൾ വെട്ടിമാറ്റുന്നതിനു തെങ്ങൊന്നിന് 1000രൂപ നിരക്കിൽ 700000/- രൂപയും ജലസേചനത്തിനായി പമ്പ്സെറ്റുകൾ 50% സബ്‌സിഡി നിരക്കിൽ (മാക്സിമം 10000/-) 250000/-രൂപയും, തെങ്ങു കയറ്റയന്ത്രത്തിനു 2000/- രൂപ നിരക്കിൽ 25 എണ്ണത്തിനു 50000/- രൂപയും തെങ്ങിൻ തോപ്പിൽ 600000/- രൂപയുടെ ഇടവിളകൃഷിയ്ക്കുള്ള നടീൽ വസ്തുക്കളും കേരകർഷകർക്ക് ഈ പദ്ധതിയിലൂടെ ലഭ്യമാവുന്നു.
Advertisements
പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം മാർച്ച് ആദ്യവാരം നടേരിയിൽ നടക്കും. ഇതിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ എ ഇന്ദിര ടീച്ചർ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ കൗൺസിലർമാരായ ആർ.കെ. കുമാരൻ, പ്രമോദ്, എൻ എസ് വിഷ്ണു, സുധ സി, കൃഷിഭവൻ ഉദ്യോഗസ്ഥരായ ജിജിൻ, അംന, കേര സമിതി അംഗങ്ങൾ, കർഷകർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പി വി മാധവൻ ചെയർമാനായും പി കെ അജയകുമാർ കൺവീനറായും കുഞ്ഞമ്മദ് ട്രഷററായും 75 അംഗ സംഘാടക സമിതി രൂപീകരിച്ചു. കൃഷി ഓഫീസർ വിദ്യ പി പദ്ധതി വിശദീകരിച്ചു. നഗരസഭാതല കേരഗ്രാമം കൺവീനർ പി കെ അജയകുമാർ സ്വാഗതവും ചെയർമാൻ കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.