KOYILANDY DIARY

The Perfect News Portal

കൊല്ലം നെല്ല്യാടി റോഡിലെ അണ്ടർ പാസിന് സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കി നഗരസഭ

കൊയിലാണ്ടി: നഗരസഭ ഇടപെട്ട് സമാന്തര തോട് നിർമ്മിച്ചു. നെല്ല്യാടി റോഡ് അണ്ടർപ്പാസിലെ വെള്ളക്കെട്ട് ഒഴിവാക്കി. ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് താറുമാറായ കൊല്ലം നെല്ല്യാടി റോഡ് അണ്ടർപാസിലെ വെള്ളക്കെട്ടാണ് നഗരസഭ ഇടപെട്ട് ഒഴിവാക്കിയത്. രണ്ട് മാസത്തോളമായി വെള്ളക്കെട്ട് കാരണം ജനങ്ങൾ ദുരിതത്തിലായിട്ട്. മുചുകുന്ന് റോഡ്, അട്ടവയൽ, പനച്ചിക്കുന്ന്, കിള്ള വയൽ, പുളിയഞ്ചേരി, കന്മനക്കുന്ന് എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളം അമ്പാതോട് വഴി ചോർച്ച പാലത്തേക്ക് ഒഴുപ്പോകുന്ന വെള്ളം ഹൈവേ നിർമ്മാണം ആരംഭിച്ചതോടെ ഒഴുക്ക് നിലച്ച് അണ്ടർപ്പാസ് ഉൾപ്പെടെ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാകുകയായിരുന്നു.
കീഴരിയൂർ മേപ്പയൂർ ഭാഗത്തേക്ക് പോകുന്ന വാഹന യാത്രക്കാരും നാട്ടുകാരും മാസങ്ങളായി വളരെയധികം പ്രയാസം അനുഭവിച്ചിരുന്നു. ഇതിനെതിരെ രാഷ്ട്രീയപാർട്ടികളും നാട്ടുകാരും ശക്തമായ പ്രക്ഷോഭത്തിലായിരുന്നു. പ്രശ്നം പരിഹരിക്കുമെന്ന് വഗാഡ് അധികൃതർ ഉറപ്പു നൽകിയെങ്കിലും  പാലത്തിനടിയിൽ ക്വാറി വേസ്റ്റ് നിക്ഷേപിച്ച്  ഉയർത്തുകയല്ലാതെ വെള്ളം ഒഴുകി പോകുന്നതിന് യാതൊരു നടപടിയും സ്വാകരിച്ചിരുന്നില്ല.
തുടർന്നാണ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് പൊതുമരാമത്ത് ചെയർമാൻ ഇ കെ. അജിത്ത്, സെക്രട്ടറി ഇന്ദു എസ് ശങ്കരി എന്നിവരുടെ നിർദ്ദേശപ്രകാരം നഗരസഭ ആപോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ ടി. കെ. സതീഷ് കുമാറിൻ്റെയും ഹെൽത്ത് ഇൻസ്പെക്ടർ കെ. റിഷാദിൻ്റെയും നേതൃത്വത്തിൽ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് 75 മീറ്ററോളം ഹൈവേയ്ക്ക് സമാന്തരമായി അമ്പാത്തോട് പുനർ നിർമ്മിച്ച് വെള്ളം ഒഴുകി പോകുന്നതിന് സൗകര്യമൊരുക്കിയത്. ഇതോടെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമായിരിക്കുകയാണ്.