കൊയിലാണ്ടി നഗരസഭ വയോക്ലബ് അംഗങ്ങൾക്ക് ശില്പശാല നടത്തി
കൊയിലാണ്ടി: നഗരസഭയുടെ നടപ്പ് വാർഷിക പദ്ധതിയുടെ ഭാഗമായി വാർഡ് തല വയോക്ലബ് അംഗങ്ങൾക്ക് ശില്പശാല സംഘടിപ്പിച്ചു. ടൗൺഹാളിൽ നടന്ന ശില്പശാല കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ പരിധിയിലെ മുതിർന്ന പൗരന്മാർക്ക് താമസ സ്ഥലത്ത് തന്നെ ഒത്തുകൂടാനും ഒന്നിച്ചിരിക്കാനും അതുവഴി ഒറ്റപ്പെടൽ ഒഴിവാക്കി മികച്ച മാനസികാവസ്ഥ ഉണ്ടാക്കുവാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.

ഇതോടനുബന്ധിച്ച് നഗരസഭയിലെ മുഴുവൻ വാർഡുകളിലും വയോ ക്ലബ്ബുകൾ രൂപീകരിക്കുകയും ഓരോ ക്ലബ്ബിൽ നിന്നും 10 അംഗങ്ങളെ വീതം തെരെഞ്ഞെടുത്ത് അവരെ ഉൾപ്പെടുത്തിയാണ് ശില്പശാല നടത്തിയത്. ശില്പശാലയിൽ നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കെ. ഷിജു പദ്ധതി വിശദീകരണം നടത്തി.

ശില്പശാലയിൽ കെ.ടി. രാധാകൃഷ്ണൻ, എ. സുധാകരൻ, ശശി കോട്ടിൽ എന്നിവർ ക്ലാസ്സുകൾ നയിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഇ.കെ. അജിത്, കെ.എ. ഇന്ദിര, സി. പ്രജില, കൗൺസിലർമാരായ പി. രത്നവല്ലി, വി.പി. ഇബ്രാഹിംകുട്ടി, സെക്രട്ടറി ഇന്ദു എസ് ശങ്കരി ഐ.സി.ഡി.എസ്. സൂപ്പർവൈസർമാരായ എം.ഗീത, സബിത എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ സ്വാഗതം പറഞ്ഞു.
