KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ പരിസ്ഥിതി ദിനം ആചരിച്ചു

കൊയിലാണ്ടി നഗരസഭയും വനം വന്യജീവി വകുപ്പ് – കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനും സംയുക്തമായി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. അണേല കണ്ടൽ മ്യൂസിയത്തിന് സമീപം വൃക്ഷത്തൈ നട്ട് എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ  സുധ കിഴക്കേ പാട്ട് അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്ട്രി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ കെ ഇബ്രാഹിം പരിസ്ഥിതി ദിന സന്ദേശം നൽകി.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ ഷിജു മാസ്റ്റർ, കെ എ ഇന്ദിര ടീച്ചർ, നിജില പറവക്കൊടി, സി പ്രജില കൗൺസിലർമാരായ പി ബി ബിന്ദു, രമേശൻ മാസ്റ്റർ, നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാർ എന്നിവർ സംസാരിച്ചു. നഗരസഭ പരിധിയിലെ പുഴയോരങ്ങളെ മണ്ണിടിച്ചിൽ നിന്നും പ്രതിരോധിക്കുന്നതിനായി 1000  മുള തൈകൾ പുഴയോരങ്ങളിൽ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്കും തുടക്കമായി. നഗരസഭയിലെ പൊതുസ്ഥലങ്ങളിൽ വൃക്ഷതൈകളായ നീർമരുത്, തേക്ക്, ഒങ്ങ്, പൂവരശ്, കണിക്കൊന്ന ഇലഞ്ഞി, പേരക്ക, ചന്ദനം, സീതപ്പഴം, ഉറുമാൻ പഴം, വേങ്ങ എന്നിവയും വിവിധ സ്ഥലങ്ങളിൽ നട്ടുപിടിപ്പിച്ചു.
വൃക്ഷ തൈകളുടെ വിതരണം മുൻ കൗൺസിലർ പി വി മാധവന് നൽകി എംഎൽഎ നിർവഹിച്ചു. ജനകീയ കൂട്ടായ്മയിലൂടെ വനവൽക്കരണത്തിലൂടെ മാത്രമേ പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയുകയുള്ളൂ. നമുക്ക് കിട്ടിയ ഭൂമിയെക്കാൾ മെച്ചപ്പെട്ട ഭൂമിയെ വരും തലമുറയ്ക്ക് കൈമാറാൻ കഴിയണമെന്നും  എംഎൽഎ പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ സ്വാഗതവും നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി (KAS) നന്ദിയും പറഞ്ഞു.
Share news