കൊയിലാണ്ടിക്ക് സ്വർണ്ണ തിളക്കം.. അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ കെ. നാരായണൻ നായർക്ക് സ്വർണ്ണ മെഡൽ ലഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിക്ക് അഭിമാനമായി അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ കെ. നാരായണൻ നായർക്ക് സ്വർണ്ണ മെഡൽ. നേപ്പാളിലെ പൊക്കാറയിൽ നടന്ന ഇരുന്നൂറ് മീറ്റർ ഫ്രീ സ്റ്റൈൽ, 100 മീറ്റർ ബേക്ക് സ്ട്രോക്ക്, 100 മീറ്റർ ഫ്രീ സ്റ്റൈൽ എന്നീ മൽസരങ്ങളിലാണ് പന്തലായിനി ശ്രീരഞ്ജിനിയിൽ കെ നാരായണൻ നായർക്ക് ഗോൾഡ് മെഡൽ ലഭിച്ചത്. സംസ്ഥാന ദേശീയ ചാമ്പ്യൻഷിപ്പുകളിൽ നാരായണൻ നായർ ഇതിനകം നിരവധി മെഡലുകൾ വാരിക്കൂട്ടിയിരുന്നു.

കൊയിലാണ്ടി നഗരസഭയിലെയും സമീപ പ്രദേശങ്ങളിലും നിരവധി വിദ്യാർത്ഥികളെയും നാരായണൻ നായർ നീന്തൽ പരിശീലിപ്പിക്കുന്നുണ്ട്. നേപ്പാളിലെ പൊഖാറയിൽ 70 വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് നാരായണൻ നായർ സമ്മാനാർഹനായത്. ഗോവയിൽ നടന്ന ദേശീയ മത്സരത്തിൽ നൂറ് മീറ്റർ ബാക്ക് സ്ട്രോക്കിന് സ്വർണവും 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവയ്ക്ക് വെള്ളിയും നേടിയിരുന്നു. കുട്ടിക്കാലം മുതലെ നീന്തി തുടങ്ങിയ നാരായണൻ നായർ അടുത്ത കാലത്താണ് സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് തുടങ്ങിയത്.


ഇപ്പോൾ പതിവായി പരിശീലനം നടത്തുന്നത് പിഷാരികാവ് ക്ഷേത്രഅധീനതയിലുള്ള കൊല്ലം ചിറയിലാണ്. ജില്ലാ – സംസ്ഥാന-ദേശീയ തലങ്ങളിലെ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത നാരായണൻ നായർ ഏറ്റവും കൂടുതൽ ദൂരം കുറഞ്ഞ സമയം കൊണ്ട് നീന്തി കയറിയത് പെരിയാറിലാണ്. ഈ വർഷം ഏപ്രിലിൽ പെരിയാറിൽ രണ്ട് കിലോമീറ്റർ ദൂരം നീന്തി ഫിനിഷ് ചെയ്തത്. ഒരു മണിക്കൂറും ഇരുപത് മിനുറ്റും 39 സെക്കന്റും കൊണ്ടായിരുന്നു ഈ നേട്ടം. രണ്ട് മണിക്കൂർ ആയിരുന്നു സമയ പരിധി.


എല്ലാ പ്രായക്കാരും ഒരുപോലെ പങ്കെടുത്ത ഈ നീന്തലിൽ യുവാക്കൾക്ക് വരെ വെല്ലുവിളി ഉയർത്തിയായിരുന്നു നാരായണൻ നായരുടെ പ്രകടനം. മുബൈയിൽ കടലിൽ ആറ് കിലോമീറ്റർ നീന്തലിൽ പങ്കെടുക്കലാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് നാരായണൻ നായർ പറഞ്ഞു.

